തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സിപിഎമ്മും സിപിഐയും നേർക്കുനേർ മത്സരിച്ച സംഭവം വാർത്തയായതിന് പിന്നാലെ ജയിച്ച സ്ഥാനാർത്ഥിയോട് രാജിവെക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി നിർദ്ദേശം അനുസരിച്ച് നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ സ്ഥാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹരികേശൻ നായർ രാജിവെക്കും. എൽഡിഎഫ് ധാരണ ലംഘിച്ച് സിപിഎമ്മും സിപിഐയും മത്സരിച്ചതോടെയാണ് വിഷയം ഇന്ന് ജില്ലാ കമ്മിറ്റി പരിഗണിച്ചത്.

തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഹരികേശൻ നായരോട് അടിയന്തരമായി രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. പരിയാരം വാർഡിൽ നിന്നുള്ള അംഗം എസ്.രവീന്ദ്രനായിരുന്നു സിപിഐയുടെ സ്ഥാനാർത്ഥി. ഹരികേശൻ നായരാണ് സിപിഎമ്മിന് വേണ്ടി മത്സരിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ഫാത്തിമയും ബിജെപി സ്ഥാനാർത്ഥിയായി താര ജയകുമാറും മത്സരിച്ചു. തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി വിജയിച്ചു. ഇദ്ദേഹത്തിന് 24 വോട്ട് കിട്ടി. സിപിഐ സ്ഥാനാർത്ഥിയായ രവീന്ദ്രന് മൂന്ന് വോട്ട് മാത്രമാണ് ലഭിച്ചത്.