പിണറായി വിജയൻ - കോടിയേരി ബാലകൃഷ്ണൻ - ഇപി ജയരാജന്‍ ഇതായിരുന്നു വര്‍ഷങ്ങളായുള്ള സിപിഎമ്മിനെ അവസാനവാക്ക്. പലവട്ടം ഇപി കോടിയേരിയുമായി തെറ്റിയപ്പോഴെല്ലാം പിണറായി വിജയന്‍ മധ്യസ്ഥനായി പ്രശ്നം പറഞ്ഞ് തീര്‍ക്കുകയായിരുന്നു

തിരുവനന്തപുരം: ഇപി ജയരാജനെതിരായ പി ജയരാജന്‍റെ സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമായി വ്യാഖ്യാനിക്കാവുന്നതാണ്. അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദനെ കേന്ദ്രബിന്ദുവാക്കി പാര്‍ട്ടിയില്‍ ശുദ്ധീകരണ പ്രക്രിയ തുടങ്ങുകയാണെന്നാണ് പൊതു വിലയിരുത്തല്‍. ഉള്‍പാര്‍ട്ടി സമരത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ചര്‍ച്ചകളെന്ന പി ജയരാജന്‍റെ പരസ്യപ്രസ്താവന പലതിന്‍റെയും തുടക്കമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

പിണറായി വിജയൻ - കോടിയേരി ബാലകൃഷ്ണൻ - ഇപി ജയരാജന്‍ ഇതായിരുന്നു വര്‍ഷങ്ങളായുള്ള സിപിഎമ്മിനെ അവസാനവാക്ക്. പലവട്ടം ഇപി കോടിയേരിയുമായി തെറ്റിയപ്പോഴെല്ലാം പിണറായി വിജയന്‍ മധ്യസ്ഥനായി പ്രശ്നം പറഞ്ഞ് തീര്‍ക്കുകയായിരുന്നു. മറ്റ് മാര്‍ഗമില്ലാതെ ബാക്കി നേതാക്കളും ഈ അച്ചുതണ്ടിന് ചുറ്റും തിരിഞ്ഞു. ദേശാഭിമാനി ബോണ്ട് വിവാദം മുതല്‍ ബന്ധുനിയമനം വരെ പാര്‍ട്ടിയെ പിടിച്ച് കുലുക്കിയ ആരോപണങ്ങള്‍ വന്നപ്പോഴൊക്കെ ഇപിക്ക് കാര്യമായ പരിക്കേല്‍ക്കാതിരുന്നത് പിണറായിയുടെയും കോടിയേരിയുടെയും പിന്തുണ കൊണ്ടാണ്.

കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി ഇടഞ്ഞു. തന്നേക്കാള്‍ ജൂനിയറായ എംവി ഗോവിന്ദന്‍ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്ന് ഇപി ചിലരോട് പറഞ്ഞത് പിണറായി വിജയനടക്കം നേതാക്കളെ ചൊടിപ്പിച്ചു. നേരത്തേ തന്നെ പല നേതാക്കള്‍ക്കും അറിയാമായിരുന്ന പരാതിയാണ് തെറ്റ്തിരുത്തല്‍രേഖാ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്ന് വന്നത്.

അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദന്‍ നേതൃത്വത്തിലേക്ക് വന്നതോടെ ഇത്തരം പരാതികള്‍ ഗൗരവമായി എടുക്കുമെന്ന വിശ്വാസം കൂടി ആരോപണത്തിന് പിന്നിലുണ്ട്. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ശേഷം തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ കലാപം കൂടി പി ജയരാജന്‍റെ മനസിലുണ്ട്. കണ്ണൂരിലെ അണികളുടെ പൂര്‍ണ പിന്തുണയുള്ള പി ജയരാജന്‍ പുതിയ നീക്കത്തിലൂടെ സംസ്ഥാന നേതൃത്വത്തിലേക്ക് കൂടൂതല്‍ അടുക്കുകയാണ്. എംവി ഗോവിന്ദന്‍റെ പിന്തുണ കിട്ടുന്നതിലൂടെ ഈ ചേരിയിലേക്ക് മറ്റ് പ്രമുഖര്‍ കൂടിയെത്താൻ സാധ്യതയുണ്ട്. ഉള്‍പാര്‍ട്ടി സമരം തുടരുമെന്ന പിജെയുടെ തുറന്ന് പറച്ചില്‍ പാര്‍ട്ടിയിലെ അഴിമതി വിരുദ്ധര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.