കോഴിക്കോട്:  യു.ഡി.എഫും മുസ്ലിം ലീഗും നിസ്സഹകരണം പ്രഖ്യാപിച്ചെങ്കിലും അവരെ തുണക്കുന്ന സമുദായ സംഘടനകളെ മനുഷ്യശൃംഖലയില്‍ പങ്കെടുപ്പിക്കാനായത് സര്‍ക്കാരിനും അത് വഴി സി.പി.എമ്മിനും രാഷ്ട്ട്രീയ നേട്ടമായി. ഇകെ സുന്നി,മുജാഹിദ് ക്രൈസ്തവവിഭാഗങ്ങളാണ് യു.ഡി.എഫിനോടുള്ള വിധേയത്വം മറന്ന് കണ്ണിയില്‍ പങ്കാളികളായത്

പൗരത്വനിയമഭേദഗതിയില്‍  സര്‍ക്കാരും സി.പി.എമ്മും നടത്തുന്ന സമരങ്ങളെ ന്യൂനപക്ഷങ്ങള്‍ മാനിക്കുന്നു എന്നതിന് തെളിവായി മനുഷ്യമഹാശൃംഖലയിലെ ന്യൂനപക്ഷ പങ്കാളിത്തം. കോഴിക്കോട് നടന്ന മനുഷ്യശൃംഖലയില്‍ ലീഗ് വോട്ട് ബാങ്കിന്റെ നട്ടെല്ലായ മുജാഹിദ്  ഇകെ സുന്നി നേതാക്കള്‍ തന്നെ നേരിട്ട് പങ്കെടുത്തു. വിയോജിപ്പുകള്‍ മാറ്റിവെക്കണ് പ്രസംഗത്തിനിടെ ഇകെ സുന്നി നേതാക്കള്‍ പറഞ്ഞത് ഫലത്തില്‍ ലീഗിന് താക്കീതുമായി. എന്നാല്‍ മലപ്പുറത്ത് പ്രമുഖ സുന്നി നേതാക്കളൊന്നും എത്തിയില്ല എന്നത് ലീഗിന് ആശ്വാസമായി. 

സിപിഎമ്മിനോട് അടുപ്പം പുലര്‍ത്തുന്ന എപി സുന്നി നേതാക്കള്‍ മിക്കയിടങ്ങളിലും ശൃംഖലയില്‍ സജിവമായി പങ്കെടുത്തു. തെക്കന്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന്‍റെ മുഖമായ പാളയം ഇമാം ശൃംഖലയില്‍ അണിചര്‍ന്നതും ശ്രദ്ധേയമായി. മധ്യകേരളത്തില്‍ കൊച്ചി, തൃശൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ക്രൈസ്തവസഭാനേതാക്കളും കന്യാസ്ത്രീകളും വൈദികരും ശൃംഖലയില്‍ പങ്കാളികളായി.

പൗരത്വനിയമഭേദഗതി പ്രശ്നത്തില്‍ സര്‍ക്കാരും സിപിഎം നടത്തുന്ന സമരങ്ങളോട് ന്യൂനപക്ഷങ്ങള്‍  കാണിക്കുന്ന അനുഭാവം യുഡിഎഫിന് തലവേദനയാകും. ഇപ്പോള്‍ കാണിക്കുന്ന അനുഭാവം തെരഞ്ഞെടുപ്പ് വരെ നീണ്ടാല്‍ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് അവര്‍ക്ക് ആശങ്കയുണ്ട്. സമരത്തിന്റെ കാര്യത്തില്‍ ലീഗും കോണ്‍ഗ്രസും സര്‍ക്കാരുമായി ഇടഞ്ഞത് ഈ രാഷ്ട്രീയത്തകര്‍ച്ച മുന്നില്‍ കണ്ടാണ്.