ഇടുക്കിയില്‍ ധീരജ് കുത്തേറ്റ് മരിച്ചെന്ന വാര്‍ത്ത വന്നത് മുതല്‍ കോടിയേരി ബാലകൃഷ്ണനടക്കം ഉന്നതനേതാക്കള്‍ ലക്ഷ്യം വച്ചത് കെ സുധാകരനെയാണ്. 

തിരുവനന്തപുരം: ധീരജിന്‍റെ കൊലപാതകത്തെ തുടര്‍ന്നുള്ള രാഷ്ട്രീയപ്പോര് മുറുക്കി സിപിഎമ്മും കോണ്‍ഗ്രസും. കെ സുധാകരന്‍ കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് സിപിഎം ആരോപിക്കുമ്പോള്‍ ധീരജിന്‍റേത് പിടിച്ച് വാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ സുധാകരന്‍ തിരിച്ചടിച്ചു. കെ സുധാകരനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള സിപിഎം നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ഇടുക്കിയില്‍ ധീരജ് കുത്തേറ്റ് മരിച്ചെന്ന വാര്‍ത്ത വന്നത് മുതല്‍ കോടിയേരി ബാലകൃഷ്ണനടക്കം ഉന്നതനേതാക്കള്‍ ലക്ഷ്യം വച്ചത് കെ സുധാകരനെയാണ്. ഇതാണോ കെ സുധാകരന്‍റെ സെമി കേഡറിസം എന്ന ചോദ്യം മുതല്‍ കൊലപാതകത്തിന് പിന്നില്‍ കെഎസ് ബ്രിഗേഡെന്ന ആരോപണം വരെ ഉന്നയിച്ച് മുതിര്‍ന്ന നേതാക്കള്‍ തന്നെ കളംനിറ‍ഞ്ഞു. മലപ്പുറത്ത് കെ സുധാകരന്‍ പങ്കെടുക്കുന്ന പരിപാടിയിലെക്ക് മാര്‍ച്ച് നടത്തിയും, തലസ്ഥാനത്തെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചും സിപിഎം നയം വ്യക്തമാക്കി. കെപിസിസി അധ്യക്ഷസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല കെ സുധാകരനെന്ന തങ്ങളുടെ മുന്‍നിലപാട് ഈ കൊലപാതകത്തോടെ തെളിഞ്ഞെന്നാണ് സിപിഎം നേതൃത്വം ആവര്‍ത്തിക്കുന്നത്.

സുധാകരനെതിരെയുള്ള ആക്രമണത്തിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ധീരജിന്‍റെ മരണം അറിഞ്ഞപ്പോള്‍ തന്നെ രക്തസാക്ഷി മണ്ഡപത്തിനായി കണ്ണൂരില്‍ പാര്‍ട്ടി പണപ്പിരിവ് തുടങ്ങിയെന്ന് കെ.സുധാകരന്‍ കുറ്റപ്പെടുത്തി. വിലാപയാത്ര നടക്കുമ്പോള്‍ തിരുവനന്തപുരത്ത് മെഗാതിരുവാതിര നടത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുകയായിരുന്നു

കെ സുധാകരനെ വിമര്‍ശന മുനയില്‍ നിര്‍ത്താന്‍ കോടിയേരി ബാലകൃഷ്ണനടക്കം മുന്‍നിരനേതാക്കള്‍ ആവര്‍ത്തിച്ച് ശ്രമിക്കുമ്പോള്‍ പ്രതിപക്ഷനേതാവടക്കം പ്രമുഖര്‍ തന്നെ സുധാകരനെ പിന്തുണച്ച് രംഗത്ത് നില്‍ക്കുന്നതും ശ്രദ്ധേയമാണ്. ഇടുക്കിയിലെ കൊലപാതകം കണ്ണൂരും കടന്ന് സംസ്ഥാനരാഷ്ട്രീയത്തിലെ ഏറ്റവും ചൂടേറിയ രാഷ്ട്രീയവിഷയമായി മാറിയ കാഴ്ചയാണ് കാണുന്നത്.