കൽപ്പറ്റ: പൊലീസുകാർക്ക് കൊവിഡ് ബാധിച്ച സംഭവത്തിൽ ജില്ലാ കളക്ടർക്കെതിരായ എൽഡിഎഫ് ജില്ലാ കൺവീനറുടെ വിമർശനം തള്ളി സിപിഎം ജില്ലാ സെക്രട്ടറി. കെവി മോഹനന്റെ ആരോപണം പാർട്ടി നിലപാടല്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി ഗഗാറിൻ വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും പറഞ്ഞു.

വയനാട് കളക്ടർക്ക് വീഴ്ച സംഭവിച്ചെന്ന ആരോപണം ശരിയല്ലെന്ന് പറഞ്ഞ ഗഗാറിൻ, കെവി മോഹനൻ സമൂഹ മാധ്യമങ്ങളിൽ ഉന്നയിച്ച ആരോപണം പിൻവലിച്ചിട്ടുണ്ടെന്നും അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വയനാട് ജില്ലാ ഭണകൂടത്തിന് അശ്രദ്ധ സംഭവിച്ചെന്ന ആരോപണമാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും എൽഡിഎഫ് ജില്ലാ കൺവീനറുമായ കെ വി മോഹനൻ ഉന്നയിച്ചത്. സർക്കാർ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാന്‍ കൂട്ടാക്കാതെ, ജാഡകളിച്ചു നടന്നാല്‍ ഭരണമാവില്ലെന്നും, വാർത്താ സമ്മേളനം നടത്തിയാൽ പ്രതിരോധമാകില്ലെന്നും കെവി മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കളക്ടർക്കെതിരെ രൂക്ഷവിമർശനവുമായി ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനും രം​ഗത്ത് വന്നിരുന്നു. കൊവിഡ് സ്രവ പരിശോധനക്ക് വിധേയമാക്കപ്പെട്ട പൊലീസുകാർ ഡ്യൂട്ടി ചെയ്യേണ്ടി വന്നത് ​ഗുരുതര വീഴ്ചയാണ്. വയനാട്ടിൽ സ്ഥിതി ആശങ്കാജനകമാണെന്ന് നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. രോ​ഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കാത്തത് അടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി സർക്കാർ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ഇന്നലെയാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പേട് മാർക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം പകർന്നയാളുമായി സമ്പർക്കത്തിലേർപ്പെട്ട പൊലീസുകാർക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്.  ഇവർ മലപ്പുറം, കണ്ണൂർ സ്വദേശികളാണ്. സംസ്ഥാനത്താദ്യമായാണ് പൊലീസുദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ മാനന്തവാടി ഡിവൈഎസ്‌പിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് വ്യക്തമായെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.