Asianet News MalayalamAsianet News Malayalam

തരൂരിൽ പി.കെ.ജമീലയെ ഒഴിവാക്കി സിപിഎം: പൊന്നാനിയിൽ നന്ദകുമാര്‍, അരുവിക്കരയിൽ ജി.സ്റ്റീഫൻ

തര്‍ക്കം നിലനിന്ന പൊന്നാനിയിലും പ്രാദേശികമായ എതിര്‍പ്പുകളെ അവഗണിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ച സ്ഥാനാര്‍ത്ഥി പി.നന്ദകുമാറിനെ മത്സരിപ്പിച്ചാൽ മതിയെന്നാണ് തീരുമാനം. 

CPIM drops pk jameela p nandakumar will contest from ponani
Author
Ponani, First Published Mar 8, 2021, 12:48 PM IST

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ പാലക്കാട്ടെ തരൂർ സീറ്റിൽ ഡോ.പി.കെ.ജമീലയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം ഉപേക്ഷിച്ച് സിപിഎം. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തരൂരിൽ ഇനി ജമീലയെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. സംവരണ മണ്ഡലമായ തരൂരിൽ മന്ത്രി എ.കെ.ബാലൻ്റെ ഭാര്യയെ പരിഗണിക്കുന്നതിനെതിരെ സിപിഎം കീഴ്ഘടകങ്ങളിൽ അതിരൂക്ഷമായ വിമർശനം ഉയർന്നിരുന്നു. 

കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ജമീലയെ മാറ്റി ഡിവൈഎഫ്ഐ നേതാവ് പി.പി.സുമോദിൻ്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തിരുത്തലിന് വഴങ്ങുന്ന കാഴ്ചയാണ് കണ്ടത്. തരൂർ പോലെ ഉറച്ച മണ്ഡലത്തിൽ നാല് വട്ടം എംഎൽഎയായ എ.കെ.ബാലൻ്റെഭാര്യ മത്സരിക്കുന്നത് വഴി സൃഷ്ടിക്കപ്പെടുന്ന സംഘടനപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചെന്നാണ് സൂചന. 

അതേസമയം ജില്ലാ ഘടകം കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടും അരുവിക്കരയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ച ജി.സ്റ്റീഫനെ തന്നെ സ്ഥാനാർത്ഥിയായി നിർത്താൻ ഇന്നത്തെ യോഗത്തിൽ തീരുമാനമായി. വി.കെ.മധുവിനെ അവിടെ സ്ഥാനാർത്ഥിയാക്കണം എന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിനെ സ്ഥാനാർത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാടാർ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട ഏരിയ സെക്രട്ടറിയായ ജി.സ്റ്റീഫനെ തന്നെ അരുവിക്കരയിൽ ഇറക്കാനാണ് പാർട്ടിയുടെ തീരുമാനം. 

തർക്കം നിലനിന്ന പൊന്നാനിയിലും പ്രാദേശികമായ എതിർപ്പുകളെ അവഗണിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ച സ്ഥാനാർത്ഥി പി.നന്ദകുമാറിനെ മത്സരിപ്പിച്ചാൽ മതിയെന്നാണ് തീരുമാനം. പാർട്ടി ഏരിയ സെക്രട്ടറി ടി.എം. സിദ്ധീഖിനെ മത്സരിപ്പിക്കണമെന്ന് താഴേത്തട്ടിൽ നിന്നും ആവശ്യമുയർന്നെങ്കിലും നന്ദകുമാർ തന്നെ മത്സരിച്ചാൽ മതിയെന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.

ഒറ്റപ്പാലം സീറ്റിൽ സാധ്യത പട്ടികയിലുണ്ടായിരുന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ്റെ പേര് നേതൃത്വം വെട്ടി. ഇതോടെ ഒറ്റപ്പാലം സീറ്റ് പ്രേംകുമാർ ഉറപ്പിച്ചു.  ഷൊർണൂരിൽ പി.പി.മമ്മിക്കുട്ടിയാവും സിപിഎം സ്ഥാനാർത്ഥി. അതേസമയം പാലക്കാട് സീറ്റിലെ സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. 

കോഴിക്കോട് കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മുൻ എംപി പി.സതീദേവിയേയും ഇവിടെ സ്ഥാനാർത്ഥിയെ പരിഗണിച്ചിരുന്നുവെങ്കിലും കാനത്തിൽ ജമീല മത്സരിക്കട്ടേയെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതോടെ തർക്കം നിലനിന്ന നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലും പ്രാദേശികമായി എതിർപ്പ് അവഗണിച്ച് സംസ്ഥാന നേതൃത്വം തന്നെ നിശ്ചയിച്ച ആളുകളാവും സ്ഥാനാർത്ഥിയാവുക. അതേസമയം സംസ്ഥാന വ്യാപകമായി ചർച്ചയാക്കപ്പെട്ട തരൂർ സീറ്റിൽ ജമീലയെ ഒഴിവാക്കി വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചത്. 

പാർട്ടി അംഗത്വം പോലുമില്ലാത്ത പി.കെ.ജമീല തരൂർ മത്സരിക്കുകയും ഭരണതുടർച്ച ലഭിക്കുന്ന പക്ഷം അവർക്കം സംവരണം വഴി മന്ത്രിസ്ഥാനം വരെ കിട്ടിയേക്കും എന്ന സാധ്യതയെ ചൊല്ലി വലിയ ചർച്ചകൾ പാർട്ടിക്കുള്ളിൽ നടന്നിരുന്നു. മുൻ ആലത്തൂർ എംപി പി.കെ.ബിജു, മുൻ സ്പീക്കർ കെ.രാധാകൃഷ്ണൻ തുടങ്ങി നിരവധി നേതാക്കളുണ്ടായിട്ടും ജമീലയെ തരൂരിൽ നിർത്താനുള്ള തീരുമാനത്തിനെതിരെ പ്രതീക്ഷിച്ചതിലും വലിയ പ്രതിഷേധമാണ് താഴെത്തട്ടിലുണ്ടായത്. 

പാലക്കാട് ജില്ലയിലെ സിപിഎം സാധ്യത പട്ടിക - 
തൃത്താല- എം ബി രാജേഷ്
തരൂർ- പി.പി.സുമോദ്
കൊങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം- പ്രേം കുമാർ
മലമ്പുഴ- പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ.ബാബു
പാലക്കാട്- തീരുമാനം വൈകുന്നു

Follow Us:
Download App:
  • android
  • ios