രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതാണെന്നായിരുന്നു ഇന്ന് ശ്രേയാംസ് കുമാർ ആരോപിച്ചു
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിലും അതൃപ്തി പുറത്ത് വന്നതിന് പിന്നാലെ സിപിഐയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐ രാജ്യസഭാ സീറ്റ് വിലപേശി വാങ്ങിയെന്ന ആരോപണം ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഒഴിവുവന്നതിൽ ജയസാധ്യതയുള്ള ഒരു സീറ്റ് സിപിഐക്ക് കൊടുക്കാനുള്ള തീരുമാനം എൽഡിഎഫാണ് സ്വീകരിച്ചത്. സിപിഐ വിലപേശുന്ന പാർട്ടിയല്ലെന്നും കോടിയേരി പറഞ്ഞു.
രാജ്യസഭാ സീറ്റിൽ എൽജെഡി അവകാശ വാദം ഉന്നയിച്ചിരുന്നു. ഇത് മുന്നണിയിൽ ഉന്നയിച്ചെങ്കിലും സിപിഎമ്മും സിപിഐയും ഓരോ സീറ്റ് വീതം പങ്കുവെക്കുകയായിരുന്നു. ഇതോടെയാണ് ഇന്ന് ശ്രേയാംസ് കുമാർ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നത്. രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.
കോഴിക്കോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സ്ഥാനവും രാജ്യസഭ സീറ്റും കിട്ടാത്തതിൽ അതാത് സമയത്ത് മുന്നണിയിൽ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് ശ്രേയാംസ്കുമാർ പറഞ്ഞു. വിലപേശലിന്‍റെ ഭാഗമായാണ് സിപിഐക്ക് രാജ്യസഭാ സീറ്റ് കിട്ടിയത്. സിൽവർ ലൈൻ, ലോകായുക്ത തുടങ്ങിയ വിഷയങ്ങളിൽ സിപിഐയുടെ നിലപാട് എന്തെന്ന് നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയിലേക്ക് സിപിഐ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം എൽഡിഎഫിന്റേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരിച്ചടിച്ചു. എംവി ശ്രേയാംസ് കുമാറിന് മറുപടി നൽകാനില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടഞ്ഞ അധ്യായമാണെന്നും പറഞ്ഞു. ഇനി ഇക്കാര്യത്തിൽ പ്രതികരിക്കാനില്ല. സിൽവർ ലൈൻ നിയമത്തിന്റെ വഴിക്ക് പോകും. പ്രതിപക്ഷം ബിജെപിയുമായി അടുക്കാൻ വേണ്ടി സിൽവർ ലൈനിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
