കോഴിക്കോട്: മുസ്ലീം വർഗ്ഗീയവാദി എന്നാരോപിച്ച് വടകര എസ് ഐ. കെ എ ഷറഫുദ്ദീനെതിരെ സിപിഎം നേതാവിന്‍റെ കൊലവിളി പ്രസംഗം. വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച നടത്തിയ  സിപിഎം നേതാക്കൾ എസ്ഐയെ  കൈകാര്യം ചെയ്യുമെന്ന ഭീഷണി മുഴക്കിയാണ് മടങ്ങിയത്. സ്കൂൾ കലോത്സവത്തിനിടെ പ്രശ്നം ഉണ്ടാക്കിയ പ്രവർത്തകരെ അറസ്റ്റ് ചെയ്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്കരനാണ് എസ്ഐ ഷറഫറുദ്ദീനെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തത്. രണ്ടാഴ്ച മുമ്പ് ആയഞ്ചേരി റഹ്മാനിയ സ്കൂളിൽ നടന്ന സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ  മദ്യപിച്ച് പ്രശ്നമുണ്ടാക്കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രശ്നമുണ്ടാക്കിയവരിൽ  മുസ്ളീം പേരുള്ളവരെ മാത്രം പൊലീസ് വിട്ടയച്ചെന്നാരോപിച്ച് സിപിഎം  പ്രവർത്തകർ സ്ഥലത്ത് ബഹളം വച്ചു. 

"

പ്രതിയെ സ്ഥലത്ത് നിന്ന് കൊണ്ടുപോകുന്നത് തടഞ്ഞ ഇവർ എസ്ഐയും മറ്റ് പൊലീസുകാരെയും കയ്യേറ്റം ചെയ്തു. കൃത്യനിർവ്വഹണത്തിന് തടസ്സം നിന്ന നാലുപേരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിപിഎം വടകര ഏരിയാ കമ്മറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മുസ്ളീം വർഗ്ഗീയവാദിയാണ് എസ്ഐ ഷറഫുദ്ദീൻ എന്നാണ് സിപിഎം ആരോപണം. എന്നാല്‍ സിപിഎം പ്രശ്നം വർഗ്ഗീയ വൽക്കരിക്കുകയാണെന്നും മദ്യപിച്ച് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയവരെ മാത്രമാണ് അറസ്റ്റ് ചെയ്തത് എന്നുമാണ് വടകര പൊലീസിന്റെ വിശദീകരണം.