ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കാനാവില്ലെന്ന് ജില്ലാ സെക്രട്ടറി. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ക്ഷീണിപ്പിക്കും. പ്രാദേശിക നേതാവാണ് അനധികൃതമായി എത്തിയ ആളെ അതിര്‍ത്തി കടത്തിയത്. നിരീക്ഷണത്തില്‍ പോകാനും തയ്യാറായില്ല 

കാസര്‍കോഡ്: മഞ്ചേശ്വരത്തെ സിപിഎം പ്രാദേശിക നേതാവിനെ തള്ളി ജില്ലാ നേതൃത്വം. പാര്‍ട്ടി എന്ന രീതിയില്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കാനാവില്ലെന്നും ഇത്തരം സംഭവം സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ക്ഷീണിപ്പിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു,

മഹാരാഷ്ട്രയില്‍ നിന്ന് യാത്രാനുമതിയില്ലാതെ തലപ്പാടായിലെത്തി അതിര്‍ത്തി കടക്കാന്‍ സഹായിച്ച മ‍ഞ്ചേശ്വരത്തെ സിപിഎം നേതാവിന്‍റെ പ്രവര്‍ത്തിയെ തള്ളുകയാണ് സിപിഎം കാസര്‍കോട് ജില്ലാ നേതൃത്വം. പൊതുപ്രവര്‍ത്തനും ഭാര്യയായ പഞ്ചായത്തംഗവും ചേര്‍ന്നാണ് അനധികൃതമായി തലപ്പാടിയിലെത്തിയ ബന്ധുവിനെ പാസ്സ് എടുത്ത് അതിര്‍ത്തി കടത്തി കാറില്‍ വീട്ടിലെത്തിച്ചത്.

മഹാരാഷ്ട്രയിലെ രോഗബാധിത മേഖലയില്‍ നിന്ന് പുറപ്പെടും മുമ്പ് തന്നെ ആത് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു എങ്കില്‍ ബന്ധുവില്‍ നിന്ന് രോഗം പകരുന്ന സാഹചര്യം തന്നെ ഒഴിവാക്കാമായിരുന്നു. പ്രാദേശിക നേതാവിനുണ്ടായ വീഴ്ചയെത്തുടര്‍ന്നാണ് വലിയ പ്രതിസന്ധി ജില്ലയില്‍ തന്നെ ഉണ്ടായതെന്നും പാര്‍ട്ടിയില്‍ പരക്കെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. 

പ്രാദേശിക നേതാവിനും ഭാര്യയായ പഞ്ചായത്തംഗത്തിനും അറുപതുമുതല്‍ 80 വരെ സമ്പര്‍ക്കം ഇതിന് ശേഷം ഉണ്ടായതും ആശുപത്രികള്‍ സന്ദര്‍ശിച്ചതും ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നതും പഞ്ചായത്ത് ഓഫീസ് തന്നെ അടച്ചിടേണ്ടി വന്നതും ജാഗ്രതക്കുറവ് മൂലമുണ്ടായ വീഴ്ചയായിട്ട് തന്നെയാണ് പാര്‍ട്ടി വിലയിരുത്തുന്നത്.