Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസ ക്യാംപില്‍ സിപിഎം നേതാവിന്‍റെ പണപ്പിരിവ്; ദൃശ്യങ്ങള്‍ പുറത്ത്

സിപിഎം ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് പിരിവ് നടത്തിയത്. സിവില്‍ സപ്ലൈസില്‍ നിന്നും ഭക്ഷ്യവസ്തുകള്‍ കൊണ്ടു വന്ന വണ്ടിക്കുള്ള കൂലിക്കെന്ന പേരിലാണ് പിരിവ് നടത്തിയത്. 
.

cpim leader collect money from relief camp
Author
Cherthala, First Published Aug 16, 2019, 11:48 AM IST

ആലപ്പുഴ: ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരവ്. സിപിഎം പ്രാദേശിക നേതാവാണ് വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസക്യാംപില്‍ അഭയം തേടിയ പാവങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

സിപിഎം ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ദുരിതബാധിതരില്‍ നിന്നും പിരിവ് നടത്തിയത്. സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടി എന്ന പേരിലായിരുന്നു പിരിവ്. ക്യാംപ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാമ്പിൽ ഉള്ളവർ പിരിവ് നല്‍കണമെന്നും  ഇയാൾ ക്യാംപിലുള്ളവരോട് പറഞ്ഞു. 

ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടത്തിയെന്ന് ഓമനക്കുട്ടന്‍ തന്നെ നേരിട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാംപിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്ന് ഓമനക്കുട്ടന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും ചേര്‍ത്തല തഹസില്‍ദാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ക്യാംപിലെ എല്ലാ ചെലവുകള്‍ക്കും സർക്കാർ പണം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി പണം പിരിക്കരുതെന്ന് ഇയാളോട് പറഞ്ഞിട്ടുണ്ടെന്നും തഹസില്‍ദാര്‍ പറഞ്ഞു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗകോളനി നിവാസികളാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാംപിലെത്തിയത്.

ദുരിതാശ്വാസക്യാംപില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും എല്ലാം ക്യാംപുകളുടേയും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കി നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ പണപ്പിരിവ് നടത്തിയ ദുരിതാശ്വാസ ക്യാംപിന്‍റെ കഴിഞ്ഞ വര്‍ഷത്തെ സംഘാടകന്‍ ഓമനക്കുട്ടനായിരുന്നു.

അന്നും ഇയാള്‍ പണപ്പിരിവ് നടത്തിയെന്നാണ് വിവരം. ഇക്കുറി വില്ലേജ് ഓഫീസറായിരുന്നു ക്യാംപിന്‍റെ ചുമതലക്കാരനെങ്കിലും ഓമനക്കുട്ടന്‍ സ്വന്തം നിലയില്‍ ക്യാംപിലെ അംഗങ്ങളില്‍ നിന്നും പണം പിരിച്ചെടുക്കുകയായിരുന്നു. 

 

Follow Us:
Download App:
  • android
  • ios