സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് തെളിവ് ശേഖരണം നടത്തിയത്.

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പികെ ശശിക്കെതിരെ തെളിവുകളുമായി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി. ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി ആരോപണങ്ങളിലാണ് ഏരിയ കമ്മിറ്റിയിൽ നിന്നുള്ള നേതാക്കൾ രേഖകളും തെളിവുകളും സമർപ്പിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് തെളിവ് ശേഖരണം നടത്തിയത്. പാലക്കാട് നേരിട്ടെത്തി നടത്തിയ തെളിവെടുപ്പിൻ്റെ റിപ്പോര്‍ട്ട് പുത്തലത്ത് ദിനേശൻ ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും. അതേസമയം ഇന്ന് ചേര്‍ന്ന മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗത്തിൽ പി.കെ ശശിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സിപിഎമ്മിൽ ആരും ഫാൻസ് അസോസിയേഷൻ ഉണ്ടാക്കേണ്ടതില്ലെന്ന് ജില്ല സെക്രട്ടറി സുരേഷ് ബാബു യോഗത്തിൽ മുന്നറിയിപ്പ് നൽകി. മണ്ണാർക്കാട് പ്രത്യേക തുരുത്തായി പ്രവർത്തിക്കേണ്ടെന്നും ആരും പാർട്ടിക്ക് അതീതരല്ലെന്നും ജില്ല നേതൃത്വം യോഗത്തിൽ വ്യക്തമാക്കി