സൺറൈസേഴ്സ് ഇന്നിംഗ്സിലെ 14-ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങൾ. മോശം തുടക്കത്തിന് ശേഷം ക്യാപ്റ്റൻ ഇഷാൻ കിഷനും ക്ലാസനും ചേർന്ന് 97 റൺസിന്‍റെ മികച്ച കൂട്ടുകെട്ടുമായി ഹൈദരാബാദിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ബെംഗളൂരു: ഐപിഎൽ പത്തൊമ്പതാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ആദ്യ മത്സരത്തിലെ അമ്പയറിംഗ് പിഴവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകർ. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസനെ പുറത്താക്കാനായി ഫില്‍ സാള്‍ട്ട് എടുത്ത ക്യാച്ച് ആണ് ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായത്. ക്ലാസനെ പുറത്തക്കാനായി ബൗണ്ടറി ലൈനിൽ ഫിൽ സാൾട്ട് ക്യാച്ച് എടുക്കുന്നതിനിടെ ബൗണ്ടറി കുഷ്യനിൽ സ്പർശിച്ചുവെന്ന് റീപ്ലേകളിൽ വ്യക്തമായിട്ടും 'ഔട്ട്' വിളിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സൺറൈസേഴ്സ് ഇന്നിംഗ്സിലെ 14-ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങൾ. മോശം തുടക്കത്തിന് ശേഷം ക്യാപ്റ്റൻ ഇഷാൻ കിഷനും ക്ലാസനും ചേർന്ന് 97 റൺസിന്‍റെ മികച്ച കൂട്ടുകെട്ടുമായി ഹൈദരാബാദിനെ മുന്നോട്ട് നയിക്കുകയായിരുന്നു. റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ പന്തിനെ ഗാലറിയിലേക്ക് പറത്താനുള്ള ക്ലാസന്‍റെ ശ്രമം ബൗണ്ടറിയിൽ ഫിൽ സാൾട്ടിന്‍റെ കൈകളിൽ ഒതുങ്ങി.

View post on Instagram

ബൗണ്ടറി ലൈനിന് തൊട്ടടുത്ത് വെച്ച് പന്ത് പിടിക്കുന്നതിനിടെ സാൾട്ട് നിയന്ത്രണം വിട്ട് താഴെ വീണിരുന്നു. തേർഡ് അംപയർ രോഹൻ പണ്ഡിറ്റ് ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഒരു ആംഗിളിൽ സാൾട്ട് വീഴുന്ന സമയത്ത് ബൗണ്ടറി കുഷ്യൻ അനങ്ങുന്നത് വ്യക്തമായിരുന്നു. എന്നാൽ ഇത് അവഗണിച്ച അംപയർ പെട്ടെന്ന് തന്നെ 'ഔട്ട്' സിഗ്നൽ നൽകുകയായിരുന്നു. അമ്പരന്നു പോയ ക്ലാസൻ ഗ്രൗണ്ട് അംപയറോട് തർക്കിച്ചെങ്കിലും നിരാശയോടെ മടങ്ങേണ്ടി വന്നു.

ആർസിബിയുടെ ഉടമസ്ഥാവകാശം അടുത്തിടെ ബിർള ഗ്രൂപ്പ് ഏറ്റെടുത്തതിനെ പരിഹസിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം നടക്കുന്നത്. 'ബിർള പണം കൊടുത്തു തുടങ്ങി', 'അംപയർമാരെ വിലയ്ക്കെടുത്തു' എന്നും തുടങ്ങിയ കടുത്ത വിമർശനങ്ങളാണ് എക്സിൽ ആരാധകർ ഉയർത്തുന്നത്.

ക്ലാസന്‍റെ പുറത്താകൽ വ്യക്തമായ അംപയറിങ് പിഴവാണ്. ബൗണ്ടറി കുഷ്യൻ അനങ്ങുന്നത് എല്ലാവരും കണ്ടു, അംപയർ മാത്രം കണ്ടില്ല. ബിർളയുടെ പണം പണി തുടങ്ങി എന്ന് വേണം കരുതാൻ എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. തുടക്കത്തില്‍ 29-3 എന്ന നിലയില്‍ തകര്‍ന്നശേഷം 97 റൺസിന്‍റെ കൂട്ടുകെട്ടിലൂടെ കിഷനും ക്ലാസനും ചേര്‍ന്ന് ഹൈദരാബാദിനെ കരകയറ്റുന്നതിനിടെ ക്ലാസന്‍റെ വിക്കറ്റ് വീണത് ഹൈദരാബാദിന് വലിയ തിരിച്ചടിയായിരുന്നു. ക്ലാസൻ പുറത്തായത് ഹൈദരാബാദിന്‍റെ റൺ റേറ്റിനെയും ബാധിച്ചിരുന്നു. കഴിഞ്ഞ സീസണുകളിലും അംപയറിങ് നിലവാരത്തെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നുവെങ്കിലും പുതിയ സീസണിന്‍റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു 'ബ്ലണ്ടർ' ഉണ്ടായത് ബിസിസിഐയ്ക്കും തലവേദനയാകും.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക