കെഎസ്‍സിയുടെ സ്ഥാപക നേതാവാണ് തോമസ് കുതിരവട്ടം. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളെ തുടർന്ന് കല്ലിശ്ശേരിയിലെ വീട്ടിൽ വെച്ചാണ് അന്ത്യം.

കോട്ടയം: പ്രമുഖ കേരള കോൺഗ്രസ്‌ നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറെ നാളായി പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളുണ്ടായിരുന്നു. കേരള കോൺഗ്രസിന്‍റെ വിദ്യാർത്ഥി സംഘടനയായ കെ എസ് സിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് തോമസ് കുതിരവട്ടം. 1984 മുതൽ 1991 വരെ രാജ്യസഭ അംഗമായിരുന്നു. 

2024 ഒക്ടോബറിൽ ചങ്ങനാശ്ശേരിയിൽ നടന്ന കെ എസ് സി ജന്മദിന ആഘോഷ സംഗമമാണ് തോമസ് കുതിരവട്ടം അവസാനമായി പങ്കെടുത്ത പൊതുപരിപാടി. അനാരോഗ്യമൂലം പൊതുപരിപാടികളിൽ നിന്ന് വിട്ട് വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കല്ലിശ്ശേരിയിലെ വീട്ടിലാണ് മൃതദേഹം. സംസ്കാരം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല