'നവകേരളത്തിനുള്ള പുതുവഴികൾ' എന്ന റിപ്പോർട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച ശേഷം 27 പേർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ചില മുന്നറിയിപ്പുകൾ ചില പ്രതിനിധികൾ നൽകി എന്നാണ് പീപ്പിൾസ് ഡമോക്രസിയിലെ റിപ്പോർട്ടിൽ പറയുന്നത്.
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരളത്തിനായുള്ള പുതു നിർദേശങ്ങളിൽ വിയോജിപ്പ് ഉയർന്നെന്ന് സമ്മതിച്ച് പാർട്ടി മുഖപത്രം. ജനങ്ങളെ വിശ്വാസത്തിലെടുത്തേ നിർദേശങ്ങൾ നടപ്പാക്കാവൂ എന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടതായി സിപിഎം മുഖപത്രമായ പീപ്പിൾസ് ഡമോക്രസി വെളിപ്പെടുത്തി. പരമ്പരാഗത മേഖലകളെ സംരക്ഷിക്കണം എന്ന നിർദേശം ഉയർന്നുവന്നു. സമഗ്ര ചർച്ചയ്ക്ക് ശേഷമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് പീപ്പിൾസ് ഡമോക്രസിയിലെ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിനെക്കുറിച്ചും ചർച്ചയെക്കുറിച്ചും വിശദമായ ലേഖനമാണ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡമോക്രസി നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ഞെരുക്കുന്ന സാഹചര്യത്തിലാണ് നവ കേരളത്തിനുള്ള പുതുവഴികൾ എന്ന പേരിൽ വികസനത്തിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്തത്. കുടുംബങ്ങളും വ്യക്തികളും കൈവശം വച്ചിരിക്കുന്ന സ്വത്ത്, സെസ്, മറ്റ് ഫീസുകൾ എന്നിവയിലൂടെ സംസ്ഥാന വികസനത്തിന് പണം കണ്ടെത്താനുള്ള നിർദേശമാണ് വച്ചത്. എന്നാൽ ചർച്ചയിൽ പങ്കെടുത്തവർ ഇതിനോട് പൊതുവായി യോജിച്ചെങ്കിലും പല വിഷയങ്ങളിലും ആശങ്ക അറിയിച്ചു എന്ന് മുഖപത്രം സമ്മതിക്കുന്നു.
കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളെ സംരക്ഷിക്കണമെന്നും തൊഴിലാളികളുടെ അവകാശം ഉറപ്പാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ജനവിശ്വാസം ആർജ്ജിച്ചേ നിർദേശങ്ങൾ നടപ്പാക്കാവൂ എന്ന് വികാരം ഉയർന്നു. അടിസ്ഥാന വർഗ്ഗത്തെ സംരക്ഷിച്ചേ നിർദ്ദേശങ്ങൾ നടപ്പാക്കൂ എന്നും വിശാല കൂടിയാലോചന എല്ലാവരുമായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയെന്നും പീപ്പിൾസ് ഡമോക്രസി വിശദീകരിക്കുന്നു.
മധ്യവരുമാനക്കാരുടെ എണ്ണം കേരളത്തിൽ കൂടുന്നതിന്‍റെയും ഇവർക്കിടയിൽ വർഗ്ഗീയ സംഘടനകൾ ചെലുത്തുന്ന സ്വാധീനവും ചർച്ചയായി. ആലപ്പുഴ, ആറ്റിങ്ങൽ തുടങ്ങിയ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ തിരിച്ചടി ഇത്തരം സംഘടനകൾ താഴേതട്ടിൽ കടന്നു കയറിയതിൻറെ സൂചനയാണ്. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും പാർട്ടി അംഗത്വം ഇടിയുന്നത് പരിശോധിക്കും. സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും ഈ ബദൽ സമ്പദ് രംഗത്തിലുള്ള വിശ്വാസം ഇടിച്ചെന്ന് വിലയിരുത്തിയതായും ലേഖനം പറയുന്നു. ഇഡിയുടെ ഇടപെടലിന് പോലും അഴിമതി ഇടം നൽകി.
കേരളത്തിൽ പാർട്ടിയുടെ സംഘടനാ ശക്തി തുടരുമ്പോൾ തന്നെ ദൗർബല്യങ്ങൾ വിലയിരുത്താൻ സംസ്ഥാന സമ്മേളനത്തിന് കഴിഞ്ഞു എന്നാണ് പാർട്ടി മുഖപത്രം വ്യക്തമാക്കുന്നത്. സ്വയം വിമർശനത്തിൻറെ പ്രാധാന്യം മറ്റു ഘടകങ്ങൾ കൂടി മനസ്സിലാക്കാനാണ് സമ്മേളനത്തെക്കുറിച്ച് വിശദ റിപ്പോർട്ട് മുഖപത്രത്തിൽ നൽകിയതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

