ദില്ലി: തദ്ദേശതെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണി നേടിയത് വൻരാഷ്ട്രീയ വിജയമെന്ന വിലയിരുത്തലിൽ സിപിഎം കേന്ദ്ര നേതൃത്വം. കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കിയുള്ള കേന്ദ്രസർക്കാരിൻ്റെ കുത്തിത്തിരിപ്പ് ശ്രമം പൊളിഞ്ഞെന്നും ഒരു വിഭാഗം മാധ്യമങ്ങൾ പാർട്ടിക്കും സർക്കാരിനുമെതിരെ നടത്തിയ പ്രചാരണവേല പരാജയപ്പെട്ടെന്നും മുതിർന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു. എൽഡിഎഫ് സ്വീകരിച്ച രാഷ്ട്രീയ നിലപാടിൻ്റേയും സർക്കാരിൻ്റെ പ്രവർത്തനത്തിൻ്റേയും ഫലമാണ് ഇപ്പോൾ ലഭിച്ച മികച്ച വിജയമെന്നും എസ് രാമചന്ദ്രൻ പിള്ള ചൂണ്ടിക്കാട്ടി.

നാലര വർഷത്തെ സർക്കാരിൻ്റെ മികച്ച പ്രകടനത്തിന് കിട്ടിയ അംഗീകാരമാണ് തദ്ദേശതെരഞ്ഞെടുപ്പിലെ ഇടതുജയമെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. അഭിമാനകരമായ വിജയം നേടിയ കേരളത്തിലെ സർക്കാരിനേയും പാർട്ടി പ്രവർത്തകരേയും അഭിനന്ദിക്കുന്നതായും പ്രകാശ് കാരാട്ട് പറഞ്ഞു.