കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് നാളെ ആരംഭിക്കാനിരിക്കെ പാർട്ടി സംഘടനാ റിപ്പോർട്ട് പുറത്തായി
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സംഘടന റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പാർട്ടി സെൻററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. സംഘടന ചുമതലകൾ നിർവ്വഹിക്കുന്നതിൽ പിബി പരാജയപ്പെട്ടെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്താനായില്ല. ഇടതുജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കുന്നതിനുമായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാർട്ടിക്ക് കൂടുതൽ ശ്രദ്ധയെന്ന് വിമർശനമുണ്ട്. പാർലമെൻററി പ്രവണതയും പിന്തിരിപ്പൻ രീതികളും പ്രകടമാകുന്നു. അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തൽ നടപ്പാക്കണം. പിബി അംഗങ്ങളുടെ പ്രവർത്തനം രണ്ടുവർഷത്തിലൊരിക്കൽ വിലയിരുത്തുന്നില്ല. വർഗ്ഗബഹുജന സംഘടനകളുടെ വിലയിരുത്തൽ നടക്കുന്നില്ല. ഒറ്റ സംഘടനയുടെ പോലും വിലയിരുത്തൽ നടത്താനായില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിക്കാത്തത് പിഴവെന്ന് സംഘടനാ റിപ്പോർട്ടിൽ പറയുന്നുണ്ട്. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാൻ സമരം ഒഴിവാക്കുന്നു. പാർലമെൻററി വ്യാമോഹവും ഇതിന് കാരണമാകുന്നു.
ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റിയെന്ന് സി പി എം റിപ്പോർട്ട് വിമർശിക്കുന്നു. വിഷയം ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയെന്ന് സിപിഎം വിമർശിക്കുന്നു. കേരളത്തിലെ ബദൽ നയങ്ങൾക്കാണ് ജനങ്ങൾ 2021ൽ അംഗീകാരം നല്കിയത്. വിജയം പാർട്ടിക്ക് നല്കിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. ധാർഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്പിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിയും ബഹുജന സംഘടനകളും ഭരണത്തിൻറെ അനുബന്ധങ്ങളാകരുതെന്ന് റിപ്പോർട്ട് പറയുന്നു. ജനങ്ങൾക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ലോക്സഭ തെരഞ്ഞെടുപ്പിൽ മത ന്യൂനപക്ഷം പാർട്ടിക്ക് ദേശീയ തലത്തിൽ ബിജെപിയെ നേരിടാനാവില്ലെന്ന് വിലയിരുത്തി.
പശ്ചിമബംഗാളിൽ പാർട്ടി തകർന്നടിഞ്ഞു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാൾ കമ്മിറ്റിക്ക് കുറിപ്പ് നൽകി. തൃണമൂലിനും ബിജെപിക്കുമിടയിൽ ഒത്തുകളിയെന്ന വിലയിരുത്തൽ പിഴവായിരുന്നു. കേന്ദ്രകമ്മിറ്റി നിർദ്ദേശം ലംഘിച്ചാണ് കോൺഗ്രസും ഐ എസ് എഫും ഉൾപ്പെട്ട സംയുക്ത മുന്നണി ഉണ്ടാക്കിയത്.
പിന്നാക്ക ജാതി വിഭാഗങ്ങളെ കൂട്ടിച്ചേർത്തുള്ള തെലങ്കാന പരീക്ഷണം പിബി തള്ളി. ജാതി യാഥാർത്ഥ്യമെന്നും പിന്നാക്ക ദളിത് വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കണമെന്നും തെലങ്കാന വാദിച്ചു. പിബിയും സിസിയും ഇത് മാർക്സിസ്റ്റ് വിരുദ്ധ നിലപാടെന്ന് പ്രമേയം പാസ്സാക്കി.
