സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളത്തിനകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങൾ പാർട്ടി ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്
ദില്ലി: കേരളത്തിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ വിശദമായ ചർച്ച നടക്കും. ദില്ലിയിൽ ഇന്ന് സി പി എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായില്ല. അതേസമയം പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി.
സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വിശദമായ ചർച്ച പാർട്ടി കോൺഗ്രസിൽ നടക്കുമെന്നാണ് വിലയിരുത്തൽ. സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളത്തിനകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങൾ പാർട്ടി ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. അതേസമയം കേരളത്തിൽ ഇന്നും രാഷ്ട്രീയ ഗോദയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് സിൽവർ ലൈൻ പദ്ധതി കാരണമായി..
സജി ചെറിയാൻ
കെ റെയിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയാണെന്ന് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ കൊഴുവള്ളൂരിൽ കെ റെയിൽ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വീടിന്റെ മുകളിലൂടെ റെയിൽ വന്നാലും സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണെന്നും, കേന്ദ്ര അനുമതിയോടെ നടപ്പാക്കുന്ന പദ്ധതിക്കെതിരെ സമരം നടത്തി കലാപത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വലിയ പദ്ധതികൾ വരുമ്പോൾ നാട്ടുകാരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനാണ് പുനരാധിവസ പാക്കേജ് കൊണ്ടുവരുന്നത്. ഭൂമിവിലയുടെ നാലിരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നത്. മാർക്കറ്റ് വിലയുടെ നാലിരട്ടിയാണിത്. നഷ്ട പരിഹാര തുക ബാങ്കിൽ വന്നതിനു ശേഷം ഭൂമി കൈമാറിയാൽ മതി. ആളുകളുടെ വൈകാരിക പ്രശ്നത്തെ യുഡിഎഫും ബിജെപിയും മുതലെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സിപിഐ നേതാവിനെതിരെ നടപടി
കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സിപിഐ നേതാവിനെതിരെ പാർട്ടി നടപടി. പിറവത്ത് സമരത്തിൽ പങ്കെടുത്ത ലോക്കൽ സെക്രട്ടറി തങ്കച്ചനെതിരെയാണ് നടപടി. ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പാർട്ടി മേൽക്കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് തങ്കച്ചനെതിരായ നടപടി. സമരത്തിൽ പങ്കെടുത്തതിൽ തനിക്ക് തെറ്റുപറ്റിയതായി കെസി തങ്കച്ചൻ പാർട്ടിയോട് രേഖാമൂലം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കെ റെയിൽ സമരത്തിൽ പങ്കെടുത്തത് വാർത്തകളിൽ നിറഞ്ഞതോടെയാണ് നടപടി. ഇന്ന് ചേർന്ന സിപിഐ പിറവം മണ്ഡലം കമ്മിറ്റി യോഗമാണ് തങ്കച്ചനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്.
സിൽവർ ലൈനിനായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി ശക്തമായ പ്രചാരണ പരിപാടിയുമായി ഡിവൈഎഫ്ഐ രംഗത്തിറങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ അനുകൂല നിലപാട് വിശദീകരിക്കാനാണ് പ്രചാരണം തീരുമാനിച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ ഒരു യോഗം എന്നതാണ് പ്രചാരണ പരിപാടിക്കായി നിശ്ചയിച്ചിരിക്കുന്ന കണക്ക്. ഇങ്ങനെ സംസ്ഥാനമൊട്ടാകെ 500 ഇടത്ത് യോഗങ്ങൾ സംഘടിപ്പിക്കും. വീടുകൾ കയറിയുള്ള പ്രചാരണം തുടങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു.
മന്ത്രി റിയാസിനെതിരെ ചെന്നിത്തല
ആലപ്പുഴ: കെ റെയിലിനെതിരെ സംസ്ഥാനത്ത് സമരം നടത്തുന്നത് ഓരോ പ്രദേശത്തെയും നാട്ടുകാരാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ റെയിൽ വിരുദ്ധ സമരത്തെ തീവ്രവാദ സംഘടനകൾ നടത്തുന്ന സമരമെന്ന് അധിക്ഷേപിക്കുന്നത് ശരിയല്ല. അത്തരത്തിൽ തീവ്രവാദ സംഘടനകൾ സമരത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ മന്ത്രി പി എ മുഹമ്മദ് റിയാസ് ഏതാണ് ആ തീവ്രവാദ സംഘടനയെന്ന് കൂടി വ്യക്തമാക്കണം. വിദേശ ഫണ്ട് വാങ്ങി അഴിമതി നടത്താൻ വേണ്ടിയാണ് സാമൂഹികാഘാത പഠനത്തിന് എന്ന പേരിൽ ഇടതു സർക്കാർ കെ റെയിൽ കല്ല് സ്ഥാപിക്കുന്നത്. അതിനെ യുഡിഎഫ് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു
