ഓണസദ്യ മാലിന്യകൂമ്പാരത്തില്‍ തള്ളിയത് അവിവേകമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 

തിരുവനന്തപുരം: പ്രതിഷേധ സൂചകമായി ഓണ സദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ശുചീകരണ തൊഴിലാളികളെ തള്ളി സിപിഎം. ഓണസദ്യ മാലിന്യകൂമ്പാരത്തില്‍ തള്ളിയത് അവിവേകമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ മേയറെ അറിയിക്കുകയായിരുന്നു വേണ്ടത്. പ്രശ്നങ്ങള്‍ മേയര്‍ തന്നെ തീര്‍ക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാല്‍ ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിൻവലിക്കണമെന്ന് സി ഐ ടി യുവും ഐ എൻ ടി യു സിയും ആവശ്യപ്പെട്ടു. 

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങൾ വൈറലായതോടെ ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.

ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ് ബുക്ക് പോസ്റ്റിട്ടു. നടപടി നേരിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും സി ഐ ടി യുക്കാരാണ്. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങൾ പെറുക്കാൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതിന് ശേഷം എങ്ങനെ സദ്യ കഴിക്കുമെന്നാണ് ഇവരുടെ ചോദ്യം. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. ഐ എൻ ടി യു സിയും ഉന്നയിക്കുന്നത് സമാന ആവശ്യമാണ്.

മേയറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമർത്തി എന്നാണ് വിമർശനം . വിവാദം ശക്തമായതടെ സി പി എം ജില്ലാ കമ്മിറ്റി ഒത്ത് തീർപ്പിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോടുള്ള മേയർ അടുത്ത ദിവസം തിരിച്ചെത്തും. സി പി എം നേതൃത്വവും മേയറുമായി സംസാരിക്കുമെന്നാണ് വിവരം. തൊഴിലാളികളെ തിരിച്ചെടുത്ത് പ്രശ്ന പരിഹാരം വേഗത്തിലാക്കാനാണ് നീക്കം.