Asianet News MalayalamAsianet News Malayalam

എറണാകുളം ലോക്‌സഭാ മണ്ഡലം പിടിക്കാൻ തലപുകച്ച് സിപിഎം; മത്സരിക്കാനില്ലെന്ന് കെവി തോമസ്

കഴിഞ്ഞ തവണ ഹൈബി ഈഡൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്

CPIM searches candidate for Ernakulam LC Prof KV Thomas not ready to fight kgn
Author
First Published Oct 22, 2023, 6:54 AM IST

കൊച്ചി: എറണാകുളം ലോകസഭാ മണ്ഡലം പിടിക്കാൻ സ്ഥാനാർത്ഥിക്കായി തലപുകച്ച് സിപിഎം. ശക്തമായ മത്സരത്തിന് ലത്തീൻ സഭയിൽ നിന്നും സ്ഥാനാർത്ഥിയെ തേടുകയാണ് സിപിഎം. കെവി തോമസും,കൊച്ചി എംഎൽഎ കെ.ജെ മാക്സിയുമാണ് ഇടത് നിരയിൽ സഭാ പിന്തുണയുള്ള നേതാക്കൾ. മത്സരിക്കാനില്ലെന്ന് കെവി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഏഴ് നിയമസഭാ സീറ്റുകളിൽ എറണാകുളം, തൃക്കാക്കര, പറവൂർ, തൃപ്പുണ്ണിത്തുറ എന്നിവിടങ്ങൾ യുഡിഎഫിനൊപ്പമാണ്. കളമശ്ശേരി, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവുമാണ്.

എറണാകുളം മണ്ഡലത്തിൽ 2009ന് ശേഷം ഓരോ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് കരുത്ത് കൂട്ടുന്ന നിലയായിരുന്നു. കഴിഞ്ഞ തവണ ഹൈബി ഈഡൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1991ന് ശേഷം ആദ്യമായി സിപിഎം ക്രൈസ്തവ സഭക്ക് പുറത്ത് നിന്നും സ്ഥാനാർത്ഥിയെ രംഗത്തിറക്കിയ തെരഞ്ഞെടുപ്പിൽ 169053 വോട്ടിന്‍റെ വ്യത്യാസത്തിലാണ് ഹൈബി ഈഡനോട് പി രാജീവ് കനത്ത തോൽവി ഏറ്റുവാങ്ങിയത്. ഹൈബി ഈഡൻ 4,91,263 വോട്ട് നേടി. പി.രാജീവ് 3,22,110 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന് 137749 വോട്ടാണ് നേടാനായത്.

2019 ലെ അനുഭവം മുന്നിലുള്ളതിനാൽ ലത്തീൻ സമുദായത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ തേടുകയാണ് സിപിഎം. കൊച്ചി എംഎൽഎ കെജെ മാക്സിക്ക് മണ്ഡലത്തിലെനാലിൽ രണ്ട് ലത്തീൻ രൂപതകളുടെ പിന്തുണ സിപിഎം ഉറപ്പിക്കുന്നു. ഇല്ലെങ്കിൽ പ്രൊഫ കെവി തോമസിനാവും പാർട്ടി പരിഗണന. എന്നാൽ കെവി തോമസ് മത്സരിക്കാനില്ലെന്ന നിലപാടിലാണ്. എൽഡിഎഫിൽ ലത്തീൻ സഭ സ്ഥാനാർത്ഥി വന്നില്ലെങ്കിൽ പിന്നെ സാധ്യത മേയർ എം അനിൽകുമാറിനാണ്. ബിജെപി സ്ഥാനാർത്ഥിയായി സാധ്യത കൂടുതൽ അനിൽ ആന്‍റണിക്കാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios