ടിക്കാറാം മീണയ്ക്കെതിരെ  നിയമ നടപടി സ്വീകരിക്കണമെന്നാണ് സിപിഎം സെക്രട്ടേറിയറ്റിലെ പൊതുവികാരം. ഇക്കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിച്ചാല്‍ മതിയെന്നും അഭിപ്രായമുയര്‍ന്നു.  

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അതിനിശിത വിമര്‍ശനമാണ് ടിക്കാറാം മീണയ്ക്കെതിരെ ഉയര്‍ന്നത്.

മീണയുടെ നടപടികള്‍ പലതും ഏകപക്ഷീയമാണെന്നും ഇടതുപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കാന്‍ മീണയ്ക്ക് തിടുക്കം കൂടുതലാണെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ടിക്കാറാം മീണയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് സിപിഎം സെക്രട്ടേറിയറ്റിലെ പൊതുവികാരം. ഇക്കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിച്ചാല്‍ മതിയെന്നും അഭിപ്രായമുയര്‍ന്നു. 

മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളവോട്ട് ആരോപണം വന്നപ്പോള്‍ അവരുടെ വിശദീകരണം തേടിയ ശേഷമാണ് തുടര്‍ നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോയത്. എന്നാല്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ കള്ളവോട്ട് പരാതികളില്‍ പെട്ടെന്ന് തന്നെ കേസെടുക്കുന്ന പ്രവണതയാണ് കണ്ടതെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.