അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴേത്തട്ട് മുതൾ പ്രവർത്തനം ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ ശ്രമം

തിരുവനന്തപുരം: സർക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം. മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകിയാണ് അദ്യഘട്ടത്തിൽ മുന്നോട്ട് പോകുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഉചിതരായ സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള അന്വേഷണവും സിപിഎം നേതൃത്വം ആരംഭിച്ചിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പാതി പിന്നിടുമ്പോൾ അന്നുണ്ടായ കൂട്ട തോൽവി മുതൽ ഏറ്റവും ഒടുവിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വരെയുള്ള പാഠങ്ങൾ സിപിഎമ്മിന് മുന്നിലുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴേത്തട്ട് മുതൾ പ്രവർത്തനം ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ ശ്രമം. ഇതിൻ്റെ ആദ്യപടിയായി പതിനാല് ജില്ലകളുടേയും ചുമതല 14 മന്ത്രിമാരെ ഏൽപിക്കും. ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന സമിതി അംഗങ്ങളെ ഏൽപ്പിക്കും.

ഏകോപനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുണ്ടാകും. സർക്കാർ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനും വികസന ക്ഷേമ പദ്ധതികൾ സമയബന്ധിതമാക്കാനും അത് വഴി ജനകീയ ഇടപടലുകളുമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തുന്ന പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്താണ് തിരക്കിട്ട നീക്കം. കഴിഞ്ഞ തവണ തോറ്റ മണ്ഡലങ്ങളിൽ വിജയ സാധ്യതയുളള സ്ഥാനാർത്ഥികളെ കണ്ടെത്താനും വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകാനും തീരുമാനമായിട്ടുണ്ട്. 

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അഴിച്ചു പണി ആവശ്യമായ ഇടങ്ങളിൽ ഉടനടി സംഘടനാ പോരായ്മകൾ പരിഹരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനാവൂർ നാഗപ്പന് പകരം തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തും. ഈ സാഹചര്യത്തിൽ 20- ന് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റും 21ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗവും നിർണായകമാണ്.