ഗവണ്‍മെന്റ്‌ സര്‍വ്വീസിലെ തദ്ദേശീയരായ മുഴുവന്‍ താത്‌ക്കാലിക ജീവനക്കാരേയും അഡ്‌മിനിസ്‌ട്രേറ്റര്‍ ഒഴിവാക്കി. ലക്ഷദ്വീപിനെ അടിമുടി തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് വിജയരാഘവന്‍ ആരോപിച്ചു.

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സംഘപരിവാറിന്‍റെ ഹിന്ദു രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീന ശ്രമമാണ് നടക്കുന്നത്. തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യജീവനക്കാരുടെ ഷെഡ്ഡുകളെല്ലാം പൊളിച്ചു മാറ്റുകയും, ടൂറിസം വകുപ്പില്‍ നിന്ന്‌ കാരണമില്ലാതെ 190 ജീവനക്കാരെ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിടുകയും ചെയ്‌തിരിക്കുകയാണ്‌. ഗവണ്‍മെന്റ്‌ സര്‍വ്വീസിലെ തദ്ദേശീയരായ മുഴുവന്‍ താത്‌ക്കാലിക ജീവനക്കാരേയും അഡ്‌മിനിസ്‌ട്രേറ്റര്‍ ഒഴിവാക്കി. ലക്ഷദ്വീപിനെ അടിമുടി തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് വിജയരാഘവന്‍ ആരോപിച്ചു.

അംഗനവാടികള്‍ അടച്ചുപൂട്ടി, 90% മുസ്ലീംങ്ങളുള്ള മദ്യഉപയോഗം തീരെയില്ലാത്ത ലക്ഷദ്വീപില്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ്‌ ആദ്യമായി മദ്യശാലകള്‍ തുറക്കുകയും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന്‌ മാംസാഹാരം ഒഴിവാക്കുകയും, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക്‌ 2 കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിയമം കൊണ്ടുവരികയും ചെയ്‌തു. 

ജില്ലാ പഞ്ചായത്തിന്‌ കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍ ജനാധിപത്യവിരുദ്ധമായ ഇടപെടല്‍ നടത്തി അധികാരം കവര്‍ന്നെടുക്കുകയും ചെയ്യുന്നു. 
സി.എ.എ/എന്‍.ആര്‍.സിയ്‌ക്കെതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദ്വീപില്‍ നിന്നെടുത്ത്‌ മാറ്റുകയും, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത ജയിലുകളും പോലീസ്‌സ്റ്റേഷനുമെല്ലാം ഒഴിഞ്ഞു കിടക്കുന്ന മാതൃകാപ്രദേശമായ ലക്ഷദ്വീപില്‍ അനാവശ്യമായി ഗുണ്ടാ ആക്ട്‌ നടപ്പിലാക്കി.

ലക്ഷദ്വീപിന്‌ ഏറ്റവും അധികം ബന്ധമുണ്ടായിരുന്ന ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിക്കാനും, ഇനിമുതല്‍ ചരക്ക്‌ നീക്കവും മറ്റും ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകത്തിലെ മംഗലാപുരം തുറമുഖം വഴിയാകണമെന്ന്‌ നിര്‍ബന്ധിക്കാനും തുടങ്ങി. ലക്ഷദ്വീപുകാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍വരെ ഭരണകൂട കൈകടത്തല്‍ ഉണ്ടാകുന്നു. ഭരണനിര്‍വ്വഹണ സംവിധാനങ്ങളില്‍ നിന്ന്‌ ദ്വീപ്‌ നിവാസികളെ തുടച്ചു നീക്കിക്കൊണ്ടുള്ള ഏകാധിപത്യ നീക്കമാണ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ നടത്തുന്നത്‌. 

മാത്രമല്ല, എല്‍.ഡി.എ.ആര്‍ വഴി ലക്ഷദ്വീപിലെ ഭൂസ്വത്തുക്കളുടെ മേലുള്ള ദ്വീപുവാസികളുടെ അവകാശം ഇല്ലാതാക്കാനുമുള്ള നടപടി ആരംഭിച്ചു. മാത്രമല്ല ഈ മഹാമാരി കാലത്ത്‌ മറൈന്‍ വൈല്‍ഡ്‌ ലൈഫ്‌ വാച്ചേഴ്‌സിനെ കാരണമില്ലാതെ ജോലിയില്‍ നിന്ന്‌ പിരിച്ചു വിട്ടു. ഈ വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്ന ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എ വിജയരാഘവൻ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona