തിരുവനന്തപുരം: എല്ലാ പ്രതിസന്ധിയിലും കൂടെ നിന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന നിലപാടിലേക്ക് വന്നതോടെയാണ് തെരഞ്ഞെടുപ്പ് ചൂടിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിയേണ്ടി വന്നത്. 

അർബുദ ബാധ ഗുരുതരമായതിനെ തുടർന്ന് മാസങ്ങൾക്ക് മുൻപ് അമേരിക്കയിൽ ചികിത്സയ്ക്ക് പോയ ഘട്ടത്തിൽ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ കോടിയേരി സ്ഥാനത്ത് നിന്നും മാറേണ്ട കാര്യമില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്ന് സ്വീകരിച്ചത്. 

എന്നാൽ ബിനീഷിൻ്റെ അറസ്റ്റോടെ ചിത്രമാകെ മാറി മറിഞ്ഞു. ബിനീഷ് ജയിലിലായതോടെ പടിയിറങ്ങേണ്ടി വരുമെന്ന് കോടിയേരിക്കും വ്യക്തമായിരുന്നു. അമേരിക്കയിലേക്ക് ചികിത്സയിലേക്ക് പോകുന്ന ഘട്ടത്തിൽ കോടിയേരി സ്ഥാനമൊഴിയുന്നതിനെ എതിർത്ത മുഖ്യമന്ത്രിയടക്കമുള്ളവർ ഇക്കുറി മൗനം പൂണ്ടു. 

അസാധാരണ രാഷ്ട്രീയ പ്രതിസന്ധിയിൽപ്പെട്ട് പടിയിറങ്ങുമ്പോഴും കടുത്ത പ്രതിഷേധവും രോഷവും കോടിയേരിക്കുണ്ട്. ബിനീഷ് വിഷയത്തിൽ താൻ പൂ‍‍ർണമായും ഒറ്റപ്പെട്ടുവെന്ന് അദ്ദേഹം കരുതുന്നു. മുഖ്യമന്ത്രിയും മറ്റു നേതാക്കളും തള്ളിപ്പറഞ്ഞെന്ന വികാരവും അദ്ദേഹത്തിനുണ്ട്. ഇതോടെയാണ് സ്വമേധയാ മാറാൻ കോടിയേരി തീരുമാനിച്ചത്. 

ഇന്ന് രാവിലെ ചേ‍ർന്ന സിപിഎം അവൈലബിൾ പിബിയിൽ തൻ്റെ രാജിസന്നദ്ധത കോടിയേരി അറിയിച്ചു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുമായി കോടിയേരി ഇക്കാര്യം ച‍ർച്ച ചെയ്തു. കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ലെന്ന നിലപാടാണ് പ്രകാശ് കാരാട്ട് സ്വീകരിച്ചത്. എന്നാൽ തീരുമാനത്തിൽ കോടിയേരി ഉറച്ചു നിന്നു. 

അങ്ങനെയെങ്കിൽ മറ്റൊരാളുടെ പേര് നി‍ർദേശിക്കാൻ കേന്ദ്ര നേതൃത്വം തന്നെ കോടിയേരിയോട് ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് കോടിയേരി കേന്ദ്ര കമ്മിറ്റി അം​ഗവും എൽഡിഎഫ് കൺവീനറുമായ എ.വിജയരാഘവൻ്റെ പേര് നി‍ർദേശിച്ചത്. പിബി യോ​ഗത്തിനെത്തും മുൻപ് തന്നെ സ്ഥാനമൊഴിയാനുള്ള തീരുമാനം കോടിയേരി മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് സൂചന. 

പിന്നീട് ചേ‍ർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിൽ കോടിയേരി തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം റിപ്പോർട്ട് ചെയ്തത്. വിജയ​രാഘവൻ്റെ പേര് പകരക്കാരനായി കോടിയേരി നി‍ർദേശിച്ചപ്പോഴും വലിയ ച‍ർച്ചകളൊന്നുമില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആ തീരുമാനവും അം​ഗീകരിക്കുകയായിരുന്നു. കോടിയേരി മാറി നില്ക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിൽ ഒരു വിഭാഗത്തിന് താല്പര്യമുണ്ടായിരുന്നു. 

കോടിയേരിക്ക് പകരം എ.വിജയരാഘവൻ സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതോടെ താത്കാലികമായി കണ്ണൂ‍ർ ലോബിക്ക് പുറത്തുള്ള ഒരാളിലേക്ക് പാ‍ർട്ടിയുടെ കടിഞ്ഞാൺ എത്തുകയാണ്. 1992-ൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസ് അച്യുതാനന്ദനാണ് കണ്ണൂരിന് പുറത്തു നിന്നും അവസാനമായി സിപിഎം സെക്രട്ടറി സ്ഥാനത്ത് എത്തിയത്. 

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്ന പക്ഷം എംവി ​ഗോവിന്ദൻ മാസ്റ്റ‍ർ ആ സ്ഥാനത്തേക്ക് എത്തും എന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ചില കോണുകളിൽ നിന്നും മന്ത്രി ഇപി ജയരാജൻ്റെ പേരും ഉയ‍ർന്നു കേൾക്കപ്പെട്ടു. എന്നാൽ അത്തരം നി​ഗമനങ്ങളെ പാടെ തള്ളിയാണ് വിവാദനായകനായ എൽഡിഎഫ് കൺവീന‍ർ എ.വിജയരാഘവൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.