തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത് സർക്കാരിനെ അട്ടിമറിക്കാനാണ് കോൺഗ്രസും ബിജെപിയും ചേർന്ന് ശ്രമിക്കുന്നതെന്ന് സിപിഎം വിലയിരുത്തൽ. ഈ നീക്കത്തെ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുയർത്തി കാട്ടി പ്രതിരോധിക്കാനാണ് നീക്കം. സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും കൈകോർക്കുന്ന സാഹചര്യമാണ്. വികസന പ്രവർത്തനങ്ങളും പ്രചാരണം ശക്തമാക്കും. നാളത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യം വിശദീകരിക്കും.

ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ കൂടി കേസെടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഒന്നുകൂടി പ്രതിരോധത്തിലായിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസും ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സിബിഐ കേസെടുത്തത് രാഷ്ട്രീയപ്രേരിതമായാണെന്ന് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി. 

കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ സിബിഐ കേസെടുത്തത് അസാധാരണമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി-കോൺഗ്രസ്സ് കൂട്ട്കെട്ട് ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിത്. വിവാദങ്ങളിൽ ഏതന്വേഷണവും ആകാമെന്നാണ് സർക്കാർ നിലപാട്. അഖിലേന്ത്യാ തലത്തിൽ സിബിഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ്, കേരളത്തിൽ സ്തുതിപാഠകരാണ്. കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കൾ പ്രതികളായ ടൈറ്റാനിയം, മാറാട് കലാപ കേസുകൾ സിബിഐ ഏറ്റെടുക്കാത്തത് ബിജെപി-കോൺഗ്രസ് സഖ്യത്തിന്റെ തീരുമാനപ്രകാരമാണെന്നും സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി.