ദില്ലി: അയോധ്യയിലെ ക്ഷേത്ര നിർമ്മാണം കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരും ഏറ്റെടുക്കുന്നതിനെതിരെ സിപിഎം. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നടക്കുന്നതെന്നും രാമക്ഷേത്ര ട്രസ്റ്റ് കാര്യങ്ങൾ നടത്തട്ടെയെന്നും സിപിഎം പ്രതികരണം. മഹാമാരിയുടെ കാലത്ത് മതവികാരം ചൂഷണം ചെയ്യാനുള്ള ശ്രമം ചെറുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. 

വരുന്ന ലോക്‌സഭ തെര‍ഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങളാണ് അയോധ്യയില്‍ പുരോഗമിക്കുന്നത്. 161 അടി ഉയരമുള്ള ക്ഷേത്രം നാഗര ശൈലിയിലാകും നിര്‍മ്മിക്കുക. മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന ചടങ്ങായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഭൂമിപൂജയെന്ന് സംഘാടകര്‍ അറിയിച്ചു. രാമക്ഷേത്രം നിര്‍മ്മാണം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് 2023 പകുതിയോടെ പൂര്‍ത്തിയാക്കും.

നൂറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടം അയോധ്യയില്‍ അവസാനിച്ചത് 2.77 ഏക്കര്‍ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി ഉത്തരവോടെയാണ്. വ്യവഹാരത്തിനിടയിലും ക്ഷേത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്നതിന് തെളിവാണ് അയോധ്യ കര്‍സേവപുരത്തെ  കാഴ്‌ചകള്‍. ക്ഷേത്രത്തിന് വേണ്ട ഭീമന്‍ തൂണുകളടക്കം നേരത്തെ നിര്‍മ്മിച്ചിരുന്നു. 

128 അടി ഉയരമാണ് മുന്‍പ് നിശ്ചയിച്ചിരുന്നതെങ്കില്‍ 161 അടി ഉയരത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണ് തീരുമാനം. മൂന്ന് ഗോപുരമെന്നത് അഞ്ചാക്കി. 2.77 ഏക്കറടക്കം 67 ഏക്കറിലായിരിക്കും ക്ഷേത്രം യാഥാര്‍ത്ഥ്യമാകുക. 2023 പകുതിയോടെ ക്ഷേത്രം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് നിര്‍മ്മാണ ചുമതലയുള്ള ലാര്‍സണ്‍ ആന്‍റ് ട്യൂബ്രോ കമ്പനിക്ക് നല്‍കിയിരിക്കുന്നത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്‍ തെരഞ്ഞെടുപ്പുകളിലെ പ്രധാനവാഗ്ദാനം നിറവേറ്റാനാണ് ബിജെപിയുടെ ശ്രമം.