തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം. പദവിക്ക് നിരക്കാത്ത രീതിയിലാണ് കേരള ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ബിജെപി നേതാക്കളുടെ ഭാഷയിലാണ് കേരള ഗവര്‍ണര്‍ സംസാരിക്കുന്നത്. പദവിക്ക് നിരക്കുന്ന രീതിയില്‍ അല്ല അദ്ദേഹത്തിന്‍റെ പ്രതികരണങ്ങള്‍. ഇരിക്കുന്ന പദവിയുടെ പരിമിതികള്‍ മനസിലാക്കി വേണം ഗവര്‍ണര്‍ സംസാരിക്കാന്‍. ഇന്നലെ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ വച്ച് 25-ാം വയസ്സില്‍ എംപിയായ തനിക്ക് രാഷ്ട്രീയം പറയാതിരിക്കാന്‍ പറ്റില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടിയേരി നടത്തുന്നത്.  

രാഷ്ട്രീയം പറയാന്‍ പറ്റിയ പദവിയില്‍ അല്ല ഗവര്‍ണര്‍ ഇരിക്കുന്നത്. അദ്ദേഹത്തിന് രാഷ്ട്രീയം പറഞ്ഞേ മതിയാവൂ എങ്കില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിപോകണമെന്നും എന്നിട്ട് രാഷ്ട്രീയം തുറന്നു പറയന്നുതില്‍ തെറ്റില്ലെന്നും കോടിയേരി പരിഹസിച്ചു. കേരളത്തിന്‍റെ മുന്‍ഗവര്‍ണര്‍മാര്‍ എത്ര മാന്യമായിട്ടായിരുന്നു പെരുമാറിയതും പൊതുവേദികളില്‍ ഇടപെട്ടിരുന്നതും എന്നു കൂടി വിശദീകരിച്ചു കൊണ്ടാണ് കോടിയേരി പ്രസ്താവന അവസാനിക്കുന്നത്.