തിരുവനന്തപുരം: കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് നിര്‍ദ്ദേശിച്ച രണ്ട് പ്രതിനിധികളെ ഗവര്‍ണ്ണര്‍ ഒഴിവാക്കിയതിനെതിരെ സിപിഎം. കേരള സര്‍വ്വകലാശാല സെനറ്റിലേക്ക്‌ ശുപാര്‍ശ ചെയ്ത രണ്ടുപേരെ ഒഴിവാക്കി മറ്റുരണ്ടുപേരെ കൂട്ടിച്ചേര്‍ത്ത ഗവര്‍ണറുടെ നടപടി ആര്‍എസ്എസ് സമ്മര്‍ദ്ദനത്തിന് വഴങ്ങിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.

എസ് എഫ് ഐ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന ഷിജു ഖാന്‍, അ‍ഡ്വ ജി സുഗുണന്‍ എന്നിവരെയാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. ഇവരെ ഉള്‍പ്പെടുത്താതെ സെനറ്റിലേക്ക് ഗവര്‍ണര്‍ തെരഞ്ഞെടുത്ത് രണ്ടുപേര്‍ക്കും സംഘപരിവാര്‍ ബന്ധമുണ്ടെന്നും സിപിഎം ആരോപിക്കുന്നു.എഴുത്തുകാരുടെ വിഭാഗത്തിൽ ആയിരുന്നു ഷിജു ഖാനെ ഉൾപ്പെടുത്തിയത്. അഭിഭാഷക വിഭാഗത്തിൽ ആണ് അഡ്വ.ജി സുഗുണന്‍റെ പേര് നിർദേശിച്ചത്.