തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തുമെന്ന് പ്രഖ്യാപിച്ച കെ സുധാകരനെതിരെ കേസെടുക്കണമെന്ന് സിപിഎം. തിരുവനന്തപുരത്ത് കൊവിഡ് പോസറ്റീവായ യൂത്ത് കോൺഗ്രസുകാരൻ തെരുവിലിറങ്ങാൻ ആഹ്വാനം നടത്തിയെന്നും കണ്ണൂരിലും പൂന്തുറ ആവർത്തിക്കാനാണ് ഇവരുടെ ശ്രമമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. രോഗം പടർത്തി കൂടുതൽ പേർ മരിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്നു എം വി ജയരാജൻ വിമർശിച്ചു.

സർക്കാർ നീതികേട് കാണിച്ചാൽ കൊവിഡ് നിർദ്ദേശങ്ങൾ ലംഘിക്കുമെന്നായിരുന്നു കെ സുധാകരൻ എംപിയുടെ വിവാദ പ്രസംഗം. കൊവിഡ് നിയന്ത്രണങ്ങളും നടപടികളും വലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിൻ്റെ തീച്ചൂളയിലേക്ക് സംസ്ഥാനത്തെ നയിക്കും എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തിലായിരുന്നു കെ സുധാകരൻ്റെ വിവാദ പരാമർശം. പ്രതികരിക്കാൻ പറ്റാത്ത സാഹചര്യം ഉള്ളത് കൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിൽ പോകുന്നത്. ആ വിഘാതം തട്ടിമാറ്റാൻ പ്രതിപക്ഷത്തിന് നിയമം തടസ്സമല്ല എന്നും സുധാകരൻ പറഞ്ഞിരുന്നു.