തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി യുഎഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കാനാണ് മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ നീക്കമെന്ന് വിമര്‍ശിച്ച് സിപിഐഎം രംഗത്ത്. 

ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു എ ഇ കേരളത്തിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന്‌ മലയാളികളുടെ ജീവന്‍കൊണ്ട്‌ പന്താടുകയാണ്‌. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ്‌ യു എ ഇ. ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക്‌ അയച്ചതാണ്‌ ഖുറാനും ഈന്തപ്പഴവും. ഇത്‌ കേന്ദ്രസര്‍ക്കാറിന്റെ കസ്റ്റംസ്‌ ക്ലിയറന്‍സ്‌ ചെയ്‌തതുമാണ്‌. 

അതില്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന്‌ പറഞ്ഞ കുഞ്ഞാലിക്കുട്ടി ഈന്തപ്പഴത്തില്‍ കുരുവിന്‌ പകരം സ്വര്‍ണ്ണമാണെന്ന ധ്വനിയില്‍ ആരോപിക്കുകയും ചെയ്‌തു. കോണ്‍സുലേറ്റിലേക്ക്‌ യു.എ.ഇ സര്‍ക്കാര്‍ അയച്ച ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണ്ണം കടത്തിയെന്ന്‌ ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി ആ രാജ്യത്തെ കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌.

നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ഇത്‌ സംബന്ധിച്ച തെളിവുകള്‍ അടിയന്തിരമായി എന്‍.ഐ.എക്ക്‌ കൈമാറാന്‍ കുഞ്ഞാലിക്കുട്ടി തയ്യറാകണം. അല്ലെങ്കില്‍ ഇത്രയും നിരുത്തരവാദിത്വപരമായ പ്രസ്‌താവനയ്‌ക്ക്‌ കുഞ്ഞാലിക്കുട്ടി മാപ്പ്‌ പറയണം. രണ്ട്‌ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കുന്ന പ്രസ്‌താവന നടത്തിയ പാര്‍ലമെന്റ്‌ അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക്‌ എതിരെ കേസ്‌ എടുക്കുകയും വേണം.

കേരളത്തോടുള്ള പ്രത്യേക താല്‍പര്യത്തിന്റെ ഭാഗമായാണ്‌ തിരുവനന്തപുരത്ത്‌ യു.എ.ഇ കോണ്‍സുലേറ്റ്‌ ആരംഭിക്കുന്നത്‌. നയതന്ത്ര ബാഗേജ്‌ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ അന്വേഷിച്ച്‌ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരേണ്ടതാണ്‌. എന്നാല്‍ അതൊന്നും ചെയ്യാതെ യു.എ.ഇ എന്ന രാജ്യത്തെതന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലക്ക്‌ കൊടുക്കുന്നതിന്‌ തുല്യമാണ്‌.

ബിജെപിക്കുവേണ്ടി ഏതറ്റംവരേയും പോകാന്‍ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി അപകടകരമായ നീക്കങ്ങളാണ്‌ നടത്തുന്നത്‌. നേരത്തെ സംഘപരിവാര്‍ വാദം ഏറ്റുപിടിച്ച്‌ ഖുറാനെ അധിക്ഷേപിച്ചു, ഇപ്പോള്‍ യു.എ.ഇ യെ കള്ളക്കടത്ത്‌ രാജ്യമായും പ്രഖ്യാപിച്ചു. ഇടതുപക്ഷ വിരുദ്ധതയും അധികാരമോഹവും മുസ്ലിം ലീഗിനെ എത്രമാത്രം അധപതിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്‌. സാമുദായിക സംഘടനകളുള്‍പ്പെടെ എതിര്‍ത്തിട്ടും ഖുറാന്‍ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചത്‌ ബിജെപി വിധേയത്വത്തിന്റെ ആഴം തുറന്നുകാണിക്കുന്നു. ലീഗ്‌-കോണ്‍ഗ്രസ്സ്-ബിജെപി കൂട്ടുക്കെട്ടിന്റെ ദേശവിരുദ്ധ ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ തയ്യറാവണമെന്നും സിപിഐഎം ഇറക്കിയ വാര്‍ത്ത കുറിപ്പ് പറയുന്നു.