വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ്  എല്‍ഡിഎഫ് സര്‍ക്കാരിന് അവകാശപ്പെട്ടതല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത എല്‍ഡിഎഫ് നടപടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ട്രയല്‍ റണ്‍ ഉദ്ഘാടനത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി അതേ മാതൃകയില്‍ കമ്മിഷനിങ് ചടങ്ങിലും ഒഴിവാക്കി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കമ്മിഷനിങ് എന്നും വാര്‍ഷികാഘോഷം പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നതിനാലാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികവും പ്രധാനമന്ത്രിയുടെ വരവും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ച എംഎം ഹസന്‍, സിപിഎമ്മും ബിജെപിയും ഒരുമിച്ചാണോ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും ചോദിച്ചു. ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറുപടി പറയണമെന്നും എംഎം ഹസന്‍ ആവശ്യപ്പെട്ടു.

അന്‍വര്‍ കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിക്കുമെന്ന് സതീശന്‍, 'മുന്നണി പ്രവേശനം യുഡിഎഫ് തീരുമാനിക്കും'

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിലും പ്രതിസന്ധികള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ച യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗമെന്ന നിലയിലും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് അര്‍ഹനാണ്. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എല്‍ഡിഎഫ് സര്‍ക്കാരിന് അവകാശപ്പെട്ടതല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. വിഴിഞ്ഞത്ത് നിര്‍മ്മാണത്തിനുള്ള ക്രെയിനുകളുമായി എത്തിയ ആദ്യ ചരക്ക് കപ്പലിന് സ്വീകരണം നല്‍കിയപ്പോള്‍ പ്രതിപക്ഷനേതാവ് ക്രെഡിറ്റ് മുഴുവന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കരഘോഷത്തോടെയാണ് അവിടെയുള്ള പൊതുജനമത് സ്വീകരിച്ചത്. അതിന്റെ പശ്ചാത്തലത്തിലാണോ ഇപ്പോള്‍ ബോധപൂര്‍വ്വം പ്രതിപക്ഷനേതാവിനെ ഓഴിവാക്കിയതെന്ന് സംശയിക്കുന്നു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് കേരള ജനതയ്ക്ക് ഉത്തമബോധ്യമുണ്ടെന്നും ഹസന്‍ പറഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും തുറമുഖ അധികൃതരും ഉള്‍പ്പെട്ട യോഗത്തില്‍ പങ്കെടുത്തതിനെയും എംഎം ഹസന്‍ വിമര്‍ശിച്ചു. മുന്‍കാലങ്ങളിലും മുഖ്യമന്ത്രിമാര്‍ പദ്ധതി അവലോകനത്തിനും മറ്റും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അവിടെയെല്ലാം കുടുംബത്തെ പങ്കെടുപ്പിക്കാറില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തത് അനുചിതമാണ്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായിട്ടാണോ അതോ പിണറായി കുടുംബത്തിന്റെ നേട്ടമായിട്ടാണോ സിപിഎം അവതരിപ്പിക്കുന്നതെന്നും എംഎം ഹസന്‍ ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം