സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കലയിൽ ബിജെപി സ്ഥാനാർത്ഥിയാകും. മുൻ വർക്കല ബ്ലോക്ക് പ്രസിഡൻ്റായിരുന്നു. 

തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കലയിൽ സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർത്ഥിയാകും. മുൻ വർക്കല ബ്ലോക്ക് പ്രസിഡൻ്റായിരുന്നു. നിലവിൽ ബ്ലോക്ക് അംഗമാണ്. ഒറ്റൂർ ഡിവിഷൻ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയിൽ ചേരുന്നത്. മുൻ സിപിഎം നേതാവ് സുന്ദരശേൻ്റെ മകളാണ് അഡ്വ. സ്മിത സുന്ദരേശൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

സിപിഎമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് അഡ്വ. സ്മിത സുന്ദരേശൻ പറഞ്ഞു. സിപിഎമ്മിൽ വ്യക്തി താൽപര്യവും സ്വാർത്ഥ താൽപര്യവും ആണ് ഉള്ളതെന്നും മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബിജെപിയിലേക്കെത്തിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിൽ പ്രാദേശിക ബിജെപിയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സീറ്റ് ആദ്യം ബിജെപി ഏറ്റെടുക്കുമെന്നായിരുന്നു കരുതിയത്. തുടർന്ന് ചുവരെഴുത്ത് ആരംഭിക്കുകയും ചെയ്തു. എന്നാൽ, സീറ്റ് ബിഡിജെഎസിന് നൽകിയതോടെ സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് ബിജെപി ഗ്രൂപ്പിൽ ഓഡിയോ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. വർക്കല കഹാറിന് വോട്ട് മറിക്കാനായിരുന്നു ആഹ്വാനം. പിന്നീട് പ്രാദേശിക ബിജെപി നേതാവ് ആലംകോട് ദാനശീലൻ വിമത സ്ഥാനാർഥിയാകുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നാണ് വർക്കല സീറ്റ് ബിജെപി ഏറ്റെടുക്കാൻ തീരുമാനമായത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming