Asianet News MalayalamAsianet News Malayalam

കെഎസ്എഫ്ഇ വിവാദം ചർച്ച ചെയ്യാൻ സിപിഎം സെക്രട്ടേറിയേറ്റ്; മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്നു

സമീപകാലത്ത് ഒന്നും ഇല്ലാത്ത വിധം പരസ്യമായ ചേരിപ്പോര് കെഎസ്എഫ്ഇ വിജിലൻസ് പരിശോധനയുടെ പേരിൽ ഉണ്ടായത് ഗൗരവത്തോടെയാണ് സിപിഎം പരിഗണിക്കുന്നത്, 

cpm available secretariat to discuss ksfe vigilance inquiry
Author
Trivandrum, First Published Dec 1, 2020, 11:27 AM IST

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധന വിവാദം ചര്‍ച്ച ചെയ്യാൻ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം ചേരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സാധാരണ വെള്ളിയാഴ്ചകളിലാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് നടക്കാറുള്ളത്. കെഎസ്എഫ്ഇ പരിശോധന വലിയ  വിവാദം ആയ സാഹചര്യത്തിലാണ് അടിയന്തര അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ചക്ക് എടുക്കുന്നത്. 

കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് പരിശോധന വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക് അടക്കമുള്ള നേതാക്കൾ നടത്തിയ പരസ്യ പ്രതികരണങ്ങൾ വലിയ ഗൗരവത്തോടെയാണ് സിപിഎം കേന്ദ്ര നേതൃത്വവും കാണുന്നത്. കെഎസ്എഫ്ഇയിൽ നടന്ന പരിശോധനയും അതിനോട് മന്ത്രിമാരുടേയും നേതാക്കളുടേയും പ്രതികരണങ്ങളും പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നാണ് പൊതു വിലയിരുത്തൽ. പ്രത്യേകിച്ചും തെരഞ്ഞെടുപ്പിന് മുന്നിൽ നിൽക്കുന്ന പാര്‍ട്ടിക്ക് വിവാദം ക്ഷീണമുണ്ടാക്കി. ഈ ഘട്ടത്തിൽ കൂടിയാണ് പ്രശ്നം അവൈലബിൾ സെക്രട്ടേറിയറ്റിൽ ചര്‍ച്ചക്ക് വരുന്നത്. 

രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെന്‍ററിലേക്ക് എത്തി. ധനമന്ത്രി തോമസ് ഐസകും പിന്നാലെ യോഗത്തിനെത്തി. പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഇരുട്ടിൽ നിര്‍ത്തിയാണ് പരിശോധന നടന്നതെന്ന വാദം തോമസ് ഐസക് ഉന്നയിക്കുന്നുണ്ട്. ധനകാര്യ മന്ത്രിയെ പോലും വിവരം അറിയിച്ചില്ല. അതേ സമയം സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കാതെയാണ് മന്ത്രിയുടെ പ്രതികരണമെന്നും അത് പക്വമായ സമീപനം ആയിരുന്നില്ലെന്നുമാണ് മറുവാദം. ഇക്കാര്യത്തിൽ ധനമന്ത്രിയോട് വിശദീകരണം ചോദിച്ചേക്കും. 

ആനത്തലവട്ടം ആനന്ദനും എ വിജയരാഘവും അടക്കമുള്ളവര്‍ കെഎസ്എഫ്ഇയിലെ വിജിലൻസ് നടപടിക്കെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തിയിരുന്നു. അതേ സമയം പാര്‍ട്ടിക്കകത്തോ നേതാക്കൾ തമ്മിലോ ഇക്കാര്യത്തിൽ ഒരു ഭിന്നതയും ഇല്ലെന്ന് വാദിച്ച മുഖ്യമന്ത്രി കെഎസ്എഫ്ഇ പരിശോധന വിവാദത്തിൽ ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് വാര്‍ത്താ സമ്മേളനത്തിൽ എടുത്തത്, 

അതേസമയം കെഎസ്എഫ്ഇ പരിശോധന വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നേതാക്കളുടെ പരസ്യപ്രസ്താവനയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. തോമസ് ഐസക്ക് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന നിലപാട് കേന്ദ്ര നേതാക്കൾ അറിയിച്ചിട്ടുണ്ട്. വിജിലൻസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാനത്ത് ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജാഗ്രത പുലർത്താനുള്ള നിർദ്ദേശം മുതിർന്ന നേതാക്കൾക്ക് നല്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തതിനാൽ അച്ചടക്ക നടപടി ആലോചിക്കില്ലെന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios