തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്ത് സിപിഎം - ബിജെപി സംഘർഷം തുടർക്കഥയാവുന്നു. തിരുവനന്തപുരം ചാക്കയിൽ വെള്ളിയാഴ്ച രാത്രി രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി അംഗം ഹരികൃഷ്ണൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തരെ കസ്റ്റഡിയിൽ എടുത്തു.

രാത്രി ഏഴ് മണിയോടെ ചാക്കയിലെ വൈഎംഎ ലൈബ്രറിയിൽ വച്ചാണ് ആക്രമണമുണ്ടായത്. അതേ സമയം, കസ്റ്റഡിയിൽ എടുത്തവരിൽ ഒരാളുടെ വീടിന് നേരെ ആക്രമണമുണ്ടായി. ബിജെപി പ്രവർത്തകനായ കുട്ടന്‍റെ വലിയതുറ വയ്യാമൂലയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ആരോപണം നിഷേധിച്ച സിപിഎം തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ച വിഷയം നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് സിപിഎം - ബിജെപി പ്രവർത്തകർക്കിടയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നതായി പൊലീസും പറയുന്നു. 

ഇതിനിടെ, ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന്‍റെ വീടിനു നേരെ ആക്രമണമുണ്ടായി. നെയ്യാർഡാം നീരാഴിക്കോണം സ്വദേശി ബിബിൻ എന്ന പ്രവർത്തന്‍റെ വീടിന് നേരെ ആണ് ആക്രമണമുണ്ടായത്. സ്ഥലത്ത് നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകൾ കത്തി നശിച്ചു. പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. 

വെള്ളിയാഴ്ച രാത്രിയോടെ തൃശ്ശൂർ കൊടകരയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടേക്കാട് പനങ്ങാടൻ വത്സൻ മകൻ വിവേകിനാണ് വെട്ടേറ്റത്. പരുക്കേറ്റ വിവേക് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

ഇതിനിടെ, കോഴിക്കോട് പയ്യോളി അയനിക്കാട് കുനിയിമ്മൽ എ കെ പ്രമോദിന്‍റെ ബൈക്ക് കത്തിച്ചെന്ന് ആരോപണമുയർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ബിജെപി പ്രവർത്തകനാണ് ഇദ്ദേഹം. അയൽവീട്ടിൽ വച്ചിരുന്ന ബൈക്ക് ഉരുട്ടി കൊണ്ടുപോയി റോഡരികിൽ ഇട്ടാണ് കത്തിച്ചത്.