സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും; പാർട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാകും
കഴിഞ്ഞ സമ്മേളനകാലത്തിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പിണറായി സർക്കാറിന്‍റെ ഭരണത്തിനെതിരായ ജനവികാരമാണ് ഈ സമ്മേളനകാലത്ത്.
തിരുവനന്തപുരം: ഇപി ജയരാജന്‍റെ പുറത്ത് പോകലിനിടെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും. ഒരുമാസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ തെറ്റ്തിരുത്തൽ നയരേഖയിൽ ഊന്നിനിന്നുള്ള ചർച്ചയും തീരുമാനങ്ങളുമാകും പ്രധാനമായും ഉണ്ടാവുക.
24 ആം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി സമ്മേളനങ്ങളാണ് 30 ദിവസം കൊണ്ട് പൂർത്തിയാക്കുക. കഴിഞ്ഞ സമ്മേളനകാലത്തിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പിണറായി സർക്കാറിന്‍റെ ഭരണത്തിനെതിരായ ജനവികാരമാണ് ഈ സമ്മേളനകാലത്ത്. ലോകസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിക്ക് കാരണം പിണറായി സർക്കാറിന്‍റെ പിടിപ്പുകേടെന്നാണ് താഴ തട്ടിലുള്ള വികാരം. മാസപ്പടിയും കരിമണൽ വിവാദവും ഇപി ജയരാജന്‍റെ ബിജെപി കൂടിക്കാഴ്ചയുമടക്കം നിരവധി വിഷയങ്ങൾ ഈ സമ്മേളനകാലത്തുണ്ട്. പാർട്ടി ചട്ടങ്ങളിൽ നിന്ന് മാറി നടന്ന് ഇപിയെ പുറത്താക്കി തെറ്റ് തിരുത്തൽ മുകൾതട്ടിൽ നിന്ന് നേതൃത്വം തുടങ്ങി.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും 2026 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമാണ് പാർട്ടിക്ക് മുന്നിലുള്ള വലിയ ദൗത്യം. നിലവിലുള്ള സംഘടനാ പോരായ്മകൾ തിരുത്തി പാർട്ടിയെ ശക്തമാക്കുകയെന്നതാണ് സമ്മേളന ലക്ഷ്യം. ആലപ്പുഴയിലും പാർട്ടി തട്ടകമായ കണ്ണൂരിലും പാർട്ടിയിൽ തുടരുന്ന കടുത്ത ഭിന്നിപ്പ് പ്രതിസന്ധിയാണ്. സമ്മേളനങ്ങളിലെല്ലാം സർക്കാരിനെതിരായ വിമർശനങ്ങൾ ഉറപ്പാണ്. ബിജെപി അക്കൗണ്ട് തുറന്ന സാഹചര്യത്തിൽ ബിജെപിയെ കൂടി നേരിടാനുള്ള നടപടികളും ചർച്ചയാകും.