പാർക്കിലേക്ക് സൗജന്യ നിരക്കിൽ ടിക്കറ്റ് നൽകാൻ തന്റെ പേരിൽ ഇയാൾ ആവശ്യപ്പെട്ടുവെന്ന് എഡിഎം തൃക്കാക്കര പൊലീസിൽ പരാതി നൽകിയിരുന്നു 

കാക്കനാട്: എറണാകുളത്ത് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി. കാക്കനാട് ബ്രാഞ്ച് സെക്രട്ടറി ശ്യാം കുമാറിനെയാണ് ആരോപണത്തെ തുടർന്ന് തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി പുറത്താക്കിയത്. അമ്യൂസ്മെന്‍റ് പാർക്കില്‍ സൗജന്യമായി ടിക്കറ്റ് തരപ്പെടുത്താന്‍ തന്‍റെ പേര് ദുരുപയോഗം ചെയ്തെന്ന എഡിഎമ്മിന്റെ പരാതിയെ തുടർന്നാണ് നടപടി.

എഡിഎം എന്ന വ്യാജേന 2 പുരുഷന്‍മാർക്കും 3 കുട്ടികള്‍ക്കും സൗജന്യ നിരക്കില്‍ ടിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ശ്യാംകുമാർ കൊച്ചിയിലെ അമ്യൂസ്മെന്‍റ് പാർക്കില്‍ ഫോണില്‍ വിളിച്ചെന്നാണ് പരാതി. തന്‍റെ ഔദ്യോഗികസ്ഥാനം വ്യാജമായി ഉപയോഗിച്ചെന്നാരോപിച്ച് തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് എഡിഎം കെ. ചന്ദ്രശേഖരന്‍ നായർ പരാതി നല്‍കിയത്. 

പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെയാണ് പ്രാദേശിക പാർട്ടി നേതൃത്ത്വം അടിയന്തര യോഗം ചേർന്ന് ഇയാളെ പുറത്താക്കിയത്. പ്രാദേശിക പത്ര പ്രവർത്തകന്‍ കൂടിയാണ് ശ്യാംകുമാർ. കേസില്‍ എഡിഎമ്മിന്‍റെ വിശദമായ മൊഴി പോലീസ് വൈകാതെ രേഖപ്പെടുത്തും. ശ്യാംകുമാറിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കും കടക്കും.