ജെഡിഎസിനെ നിലനിർത്തിയ സിപിഎം കാണിക്കുന്നത് ബിജെപി വിധേയത്വം: രമേശ് ചെന്നിത്തല
ബിജെപി മുന്നണിയുടെ ഭാഗമായ ജനതാ ദൾ എസ്സിനെ ഇടതു മുന്നണിയിൽ തന്നെ നില നിർത്തിയിരിക്കുന്നതിലൂടെ ഇടതു മുന്നണിയുടെ ബി.ജെ.പി വിധേയത്വമാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: ബിജെപി മുന്നണിയുടെ ഭാഗമായ ജനതാ ദൾ എസ്സിനെ ഇടതു മുന്നണിയിൽ തന്നെ നില നിർത്തിയിരിക്കുന്നതിലൂടെ ഇടതു മുന്നണിയുടെ ബി.ജെ.പി വിധേയത്വമാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയുമായി സിപിഎമ്മിന് നേരത്തേ തന്നെ ബാന്ധവമുണ്ട്. ഇപ്പോൾ ജെ ഡി എസ് ബി.ജെ.പി മുന്നണിയിൽ ചേർന്നിട്ടും സി.പി.എമ്മിനും ഇടതു മുന്നണിക്കും അലോസരമൊന്നും തോന്നാതിരിക്കുന്നത് അവരുടെ രഹസ്യ ബന്ധം കാരണമാണ്. ബി.ജെ.പിയെ എതിർക്കുന്നതിൽ വാചക കസർത്ത് മാത്രമേ ഇടതു മുന്നണിക്കും സി.പി.എമ്മിനും ഉള്ളൂ. അല്പമെങ്കിലും ധാർമ്മികത അവശേഷിച്ചിട്ടുണ്ടെങ്കിൽ ജെഡിഎസ്സിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള ആർജ്ജവം ഇടതു മുന്നണി കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ജനതാദൾ സെക്യുലർ പാർട്ടി എൻഡിഎയിൽ ചേർന്നതിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളാ ജെഡിഎസ് ഘടകം. പാർട്ടി ദേശീയ നേതൃത്വത്തിനൊപ്പമല്ലെന്ന് സംസ്ഥാന അധ്യക്ഷൻ നിലപാടെടുത്തെങ്കിലും മുന്നണി മാറ്റം സംസ്ഥാനത്തെ ഇടത് സഖ്യത്തിൽ തുടരുന്നതിൽ പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ അടുത്ത മാസം ഏഴിന് പാർട്ടി സംസ്ഥാന സമിതി യോഗം ചേർന്ന് തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കും.
നിലവിൽ കേരളാ നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് ജെഡിഎസിനുള്ളത്. തിരുവല്ലയിൽ നിന്ന് മാത്യു ടി തോമസും പാലക്കാട് ചിറ്റൂരിൽ നിന്ന് കെ കൃഷ്ണൻകുട്ടിയും. ചിറ്റൂരിൽ നിന്ന് ജയിച്ച കെ കൃഷ്ണൻകുട്ടി രണ്ടാം പിണറായി വിജയൻ സർക്കാരിൽ വൈദ്യുത വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. പാർട്ടിക്ക് ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും നിലവിലുണ്ട്.
എന്നാൽ പാർട്ടി ദേശീയ നേതൃത്വത്തിന്റെ മുന്നണി മാറ്റം കേരളത്തിൽ ഇടതുമുന്നണിയുടെ താത്പര്യത്തിനും വിരുദ്ധമായതാണ്. അതിനാൽ തന്നെ കേരളത്തിൽ മുന്നണിയിൽ തുടരണമെങ്കിൽ ജെഡിഎസ് നേതൃത്വത്തിന് ദേശീയ നേതൃത്വത്തോട് വിയോജിക്കാതെ തരമില്ല. ഇതിനുള്ള പോംവഴികൾ പാർട്ടി തേടുന്നുണ്ട്. ബിഹാറിലെ പ്രമുഖ കക്ഷിയായ ആർജെഡിയിൽ ലയിക്കാനുള്ള ആലോചനകളാണ് നിലവിൽ പാർട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.
Read more: ആരോഗ്യമേഖലയ്ക്ക് മികവിന്റെ അംഗീകാരം; കേരളത്തിന് രണ്ട് കേന്ദ്രസർക്കാർ പുരസ്‌കാരങ്ങള്‍ !
അതേസമയം പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ, ശക്തമായ ഇന്ത്യ കാഴ്ചപ്പാടിന് കരുത്താകുമെന്ന് പ്രഖ്യാപിച്ചാണ് ജെഡിഎസ് നേതൃത്വം തങ്ങൾ എൻഡിഎയിൽ ലയിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ന് ദില്ലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ച നടത്തിയ ശേഷമായിരുന്നു എച്ച്ഡി കുമാരസ്വാമി പാർട്ടി എൻഡിഎയിൽ ചേർന്നതായി പ്രഖ്യാപിച്ചത്.