തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കെ അന്തരിച്ച ഏരിയ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്‍റെ ഒന്നാം ചരമ വാർഷിക ദിനം  ആചരിച്ച് സിപിഎം.  കൊലയാളിയെ അനുസ്മരിക്കാനും സ്വീകരണം നൽകാനും സിപിഎം പോലൊരു പാർട്ടിക്കേ സാധിക്കൂ എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിമർശിച്ചു. ഇതിനിടെ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ക്വട്ടേഷൻ സംഘാംഗങ്ങൾളായ ഷാഫി, സിജിത്ത് എന്നിവർ കുഞ്ഞനന്ദന്റെ സ്തൂപത്തിന് മുന്നിൽ നിൽക്കുന്ന ചിത്രവും വിവാദമായി.

ഏറെ വിമർശനങ്ങൾ ഉയർന്നെങ്കിലും പികെ കുഞ്ഞനന്തന്‍ ചരമ വാർഷിക ദിനം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സിപിഎം പിന്നോട്ട് പോയില്ല. പാനൂരിൽ കുഞ്ഞനന്തന്‍റെ ഓർമ്മക്കായി നിർമ്മിച്ച സ്മൃതി മണ്ഡപത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ ആദ്യം പുഷ്പാർച്ചന നടത്തി.  സംസ്ഥാന സമിതി അംഗങ്ങളായ പി ജയരാജൻ , എംവി ജയരാജൻ എന്നിവരും അനുസ്മരണത്തിൽ പങ്കെടുത്തു. ഫേസ്ബുക്ക് വഴിയും അനുസ്മരണം നടന്നു.

 ടിപിയെ വധിച്ച ക്വട്ടേഷൻ സംഘാഗങ്ങളായ മുഹമ്മദ്  ഷാഫി, അണ്ണൻ സിജിത്ത് എന്നിവർ കുഞ്ഞനന്ദൻ സ്മൃതി മണ്ഡപത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.  ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇരുവരും ഇപ്പോൾ പരോളിൽ കഴിയുകയാണ്.