കേരളത്തിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ, പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ പിബി അനുമതി നൽകിയതായി സിപിഎം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചു.
ദില്ലി : പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ ഭൂരിപക്ഷ തീരുമാന പ്രകാരം പിബി അനുമതി നൽകിയെന്ന് നേതൃത്വം സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തെ അറിയിച്ചു. പിണറായി പ്രതിപക്ഷ നേതാവായതിനെ കേന്ദ്ര കമ്മിറ്റി യോഗത്തിലും ഒരു വിഭാഗം എതിർത്തേക്കും. കേരളത്തിലെ പരാജയം ഞെട്ടിക്കുന്നതാണെന്നും തെറ്റു തിരുത്തൽ ഗൗരവത്തോടെ വേണമെന്നുമുള്ള പിബി വിലയിരുത്തലും കേന്ദ്ര കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഒരിടത്തും ഇടതുഭരണം ഇല്ലാതിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയിൽ തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ കനത്ത പരാജയം ഞെട്ടിക്കുന്നതാണെന്ന റിപ്പോർട്ടാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയിൽ വച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം വലിയതോതിൽ പ്രകടമായിരുന്നില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ മാറ്റം വേണമെന്ന ജനവികാരം മനസിലാക്കാനായില്ല. സംസ്ഥാന സർക്കാരിനെതിരായ യുഡിഎഫ് പ്രചാരണം ചെറുക്കാനായില്ല. സംസ്ഥാനത്തെ സംഘടന ദൗർബല്യം പരിഗണിക്കാൻ വിശാല കൂടിയാലോചന വേണം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയും സിപിഎം വിട്ടവരുടെ വിജയവും ലാഘവത്തോടെ കാണാനാകില്ല. സംസ്ഥാനത്ത് താഴേതട്ടു മുതൽ പാർട്ടി അണികളുടെ അഭിപ്രായം ശേഖരിക്കാൻ നടപടി തുടങ്ങിയെന്ന് സംസ്ഥാന ഘടകം അറിയിച്ചു.
പിണറായി വിജയന് കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ പാർട്ടി കോൺഗ്രസ് ഇളവു നല്കിയത് മുഖ്യമന്ത്രി എന്ന നിലയ്ക്കാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവായി നിശ്ചയിക്കരുതെന്ന് അഞ്ചിലധികം അംഗങ്ങൾ പിബിയിൽ ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷ അഭിപ്രായത്തിൻറെ അടിസ്ഥാനത്തിലാണ് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിന് അംഗീകാരം നല്കിയതെന്നും സിസി യോഗത്തിൽ ജനറൽ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിലുള്ള വിയോജിപ്പ് ചില അംഗങ്ങൾ യോഗത്തെ അറിയിച്ചേക്കും. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തിൽ ഇനി പുനപരിശോധന ഉണ്ടാകില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇതുവരെ സിസി യോഗത്തിൽ ഒറ്റക്കെട്ടായാണ് വിവിധ വിഷയങ്ങളിൽ നിലപാട് സ്വീകരിച്ചിരുന്നത്. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ നേതാക്കൾക്കുള്ള വ്യത്യസ്ത നിലപാടും സിസി യോഗത്തിൽ പ്രകടമാകാനുള്ള സാധ്യത തള്ളാനാകില്ല.


