തിരുവനന്തപുരം: പൗരത്വ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാനായി മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ഇഎംഎസ് അക്കാദമിയിലാണ് യോഗം ചേരുക. 

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ മുൻനിരയിൽ കേരള സര്‍ക്കാരും എല്‍ഡിഎഫും നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തിരുവനന്തപുരത്തെ കേന്ദ്ര കമ്മിറ്റിയോഗം ശ്രദ്ധേയമാകുന്നത്. പ്രതിപക്ഷവുമായി ചേര്‍ന്നുള്ള പ്രതിഷേധം, നിയമസഭാ പ്രമേയം, സുപ്രീംകോടതിയിലെ നിയമയുദ്ധം എന്നിവയെല്ലാം പരക്കെ അംഗീകരിക്കപ്പെട്ടതായാണ് പാര്‍ട്ടി വിലയിരുത്തല്‍. 19ന് തലസ്ഥാനത്ത് ബഹുജനറാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുമ്പോള്‍ രണ്ട് പ്രമുഖ നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമാകും. ചികിത്സയിലായതിനാല്‍ വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും യോഗത്തിനുണ്ടാകില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് കേന്ദ്രകമ്മിറ്റി ചേര്‍ന്നപ്പോള്‍ പിബി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിഎസിനെ പാര്‍ട്ടി താക്കീത് ചെയ്തിരുന്നു.

2017 ജനുവരി 5,6 ,7 തീയതികളിലായി സിപിഎം കേന്ദ്രകമ്മിറ്റി തിരുവനന്തപുരത്ത് ചേരുമ്പോള്‍ എല്ലാ കണ്ണുകളും വി എസ് അച്യുതാനന്ദനിലായിരുന്നു. ആലപ്പുഴ സമ്മേളനത്തില്‍ നിന്നിറങ്ങി പോയതടക്കമുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നായിരുന്നു ഔദ്യോഗികപക്ഷത്തിന്‍റെ ആവശ്യം. പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് ഔദ്യോഗികപക്ഷം ശക്തമായാവശ്യപ്പെട്ടത് തിരുവനന്തപുരം കേന്ദ്രകമ്മിറ്റിയിലാണ്. 

ബന്ധുനിയമനവിവാദത്തില്‍ ഇ പി ജയരാജനെതിരെയുള്ള വിജിലന്‍സ് എഫ്ഐആറും, മന്ത്രി എംഎം മണിക്കെതിരായ വിചാരണയുമെല്ലാം കേന്ദ്ര കമ്മിറ്റിക്കിടെയാണുണ്ടായത്. മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വിഎസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതും വലിയ ചര്‍ച്ചയായി. മൂന്നാം ദിവസം പിബി കമ്മിഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തു. വിഎസ് അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തി താക്കീത് ചെയ്തു. മുതിര്‍ന്ന നേതാവായതിനാല്‍ കടുത്ത നടപടിയെടുക്കുന്നില്ലെന്ന് സീതാറാം യച്ചൂരി പറയുകയും ചെയ്തു.

അന്ന് കേന്ദ്ര കമ്മിറ്റിയിലും വാര്‍ത്തയിലും നിറഞ്ഞ് നിന്ന വി എസ് മൂന്ന് വര്‍ഷത്തിന് ശേഷം കേന്ദ്രകമ്മിറ്റിയോഗം തലസ്ഥാനത്ത് നടക്കുമ്പോള്‍ ആരോഗ്യപ്രശ്നങ്ങളാല്‍ പങ്കെടുക്കാനാകാത്ത അവസ്ഥയിലാണ്. അന്ന് ഔദ്യോഗികപക്ഷത്തിന്‍റെ കരുനീക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കോടിയേരി ബാലകൃഷ്ണനും ചികിത്സയിലാണ്. തിരുവനന്തപുരത്ത് വീണ്ടുമൊരു കേന്ദ്ര കമ്മിറ്റിയോഗം നടക്കുമ്പോള്‍ ഇരുനേതാക്കളുടെയും അസാന്നിധ്യം ശ്രദ്ധേയമായിരിക്കും.