തിരുവനന്തപുരം: കോണ്‍ഗ്രസ് ആര്‍എസ്എസ് ബന്ധം ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ്-ആര്‍എസ്എസ് ബന്ധം തെളിയിക്കാന്‍ കോടിയേരിയെ പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും കേരളത്തില്‍ ബിജെപിക്ക് 10 സീറ്റെങ്കിലും ജയിപ്പിക്കാനാണ് സിപിഎം നീക്കമെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ എന്‍ഐഎ അന്വേഷണം ശരിയായ ദിശയിലാണോ പോകുന്നത് എന്നത് സംശയമുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും അജിത് ഡോവലും ചേര്‍ന്നു ഡല്‍ഹിയില്‍ നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍  നടക്കുന്ന അന്വേഷണം. ആവശ്യമായ തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല.

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ നീക്കുപോക്കുകള്‍ സംബന്ധിച്ച രഹസ്യധാരണയെ കുറിച്ച് തുടക്കം മുതല്‍ താന്‍ പറഞ്ഞിട്ടുണ്ട്. ബിജെപിയ്ക്ക് കേരളത്തില്‍ കുറഞ്ഞത് പത്ത് സീറ്റെങ്കിലും ജയിക്കാനുള്ള കളമൊരുക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും അത് നിഷേധിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിയുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു. 

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ തുടക്കം മുതലെ എന്‍ഐഎ അന്വേഷണത്തോടൊപ്പം സിബിഐ, റോ എന്നീ അന്വേഷണവും നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ്. ഈ മൂന്നു ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത് നിന്ന് അറിഞ്ഞിട്ടുള്ള ആളെന്ന നിലയിലാണ് താന്‍ ഈ ആവശ്യം ഉന്നയിച്ചത്.

സി.ബി.ഐ എന്നുകേട്ടാല്‍ മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടി സെക്രട്ടറിക്കും ഉറക്കം നഷ്ടമാകും. പാര്‍ട്ടി നേതാക്കന്‍ മാരുടെ അവിഹിത സമ്പാദ്യത്തിന്റെ കാണാപ്പുറം കണ്ടെത്തണമെങ്കില്‍ സി.ബി.ഐ തന്നെ  അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ആര്‍എസ്എസിനെ രണ്ട് തവണ നിരോധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതേസമയം, ആര്‍എസ്എസുമായി എക്കാലത്തും സഹകരിച്ച പാര്‍ട്ടിയാണ് സിപിഎം. കോടിയേരി മലര്‍ന്ന് കിടന്ന് തുപ്പുകയാണ്.

1977ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കുവേണ്ടി സിപിഎമ്മും തിരിച്ചും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്നും കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ഇരുവരുടെയും ആവശ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതേണ്ടെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രതിപക്ഷ നേതാവിന്റെ കൂടെയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.