മുൻ എംഎൽഎ കെ സി രാജഗോപാലൻ്റെ പഞ്ചായത്തിൽ നെജോ മെഴുവേലി പ്രസിഡൻ്റ് ആകും. 76കാരനായ മുൻ എംഎൽഎ കെ സി രാജഗോപാലൻ പ്രസിഡൻ്റ് ആകാൻ മത്സരിച്ചെങ്കിലും പ്രതിപക്ഷ അംഗം മാത്രമായി ഒതുങ്ങിയിരുന്നു. 

പത്തനംതിട്ട: മുൻ എംഎൽഎ കെ സി രാജഗോപാലൻ്റെ പഞ്ചായത്തിൽ 28 കാരൻ പ്രസിഡൻ്റ് ആകും. പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് നെജോ മെഴുവേലിയെ പ്രസിഡന്റ് ആക്കുന്നത്. ഇവിടെ സിപിഎമ്മിൽ നിന്ന് 76കാരനായ മുൻ എംഎൽഎ കെ സി രാജഗോപാലൻ പ്രസിഡൻ്റ് ആകാൻ മത്സരിച്ചെങ്കിലും പ്രതിപക്ഷ അംഗം മാത്രമായി ഒതുങ്ങിയിരുന്നു. കാലുവാരൽ ആരോപണം ഉൾപ്പെടെ പിന്നീട് കെസിആർ ഉന്നയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് ആണ് നെജോ മെഴുവേലി. തദ്ദേശ തെരഞ്ഞെടുപ്പിൽ മെഴുവേലി പഞ്ചായത്തിൽ കോൺ​ഗ്രസ് ആണ് വിജയിച്ചത്. 20 വർഷത്തിന് ശേഷം ആണ് മെഴുവേലി പഞ്ചായത്തിൽ യുഡിഎഫ് ഭരണത്തിൽ ഏറുന്നത്.

തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയെന്ന് കെസിആർ തുറന്നടിച്ചിരുന്നു. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് കാലുവാരാൻ നേതൃത്വം കൊടുത്തതെന്നും അതുകൊണ്ടാണ് തന്‍റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയതെന്നുമാണ് കെസി രാജഗോപാലൻ പറഞ്ഞത്. തന്നെ ഈ തെരഞ്ഞെടുപ്പിൽ പാർട്ടി വേണ്ടവിധം ഉപയോഗിച്ചില്ലെന്നും താൻ ജയിക്കരുതെന്ന് ഏരിയ സെക്രട്ടറി ടിവി സ്റ്റാലിന് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.