കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. 

കാസര്‍ഗോഡ്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍ഗോഡ് പെരിയയില്‍ വീണ്ടും സംഘര്‍ഷം. സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദീപുവിന്‍റെ വീടിന് നേരെ ബോംബേറുണ്ടായതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. വീര്യം കുറഞ്ഞ ബോംബാണ് ദീപുവിന്‍റെ വീടിന് നേരെ എറിഞ്ഞത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. 

ബോംബേറിന് പിന്നാലെ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. നാല് വീടുകളുടെ ജനല്‍ വാതിലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. ബോംബേറില്‍ പ്രതിഷേധിച്ച് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. 

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട സ്ഥലം എംഎല്‍എ കെ.കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി മണികണ്ഠന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപിപി മുസ്തഫ എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.