Asianet News MalayalamAsianet News Malayalam

'പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആര്?' പൊലീസുകാരൻ, നടപടി വേണമെന്ന് സിപിഎം

മുഖ്യമന്ത്രിക്കെതിരായ പരാമർശം ഗൗരവമായ അച്ചടക്ക ലംഘനമാണ്. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ

cpm demands action against si for criticizing pinarayi vijayan on caa
Author
Kozhikode, First Published Jan 13, 2020, 11:16 AM IST

കോഴിക്കോട്: കോഴിക്കോട് എലത്തൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെതിരെ പരാതിയുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലിയുടെ പ്രചാരണ വാഹനം അനധികൃതമായി കസ്റ്റഡിയിലെടുത്തെത്തും മുഖ്യമന്ത്രിയെ അധിക്ഷേപിക്കും വിധം സംസാരിച്ചെന്നുമാണ് പരാതി. പൗരത്വ നിയമം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ആരെന്ന് പൊലീസുകാരൻ ചോദിച്ചെന്നാണ് സിപിഎം പരാതി നൽകിയിട്ടുള്ളത്.

പൊലീസുകാരൻ ആരെന്ന് കണ്ടെത്തി ശക്തമായി നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. ഇത്തരം പ്രവണതകൾ വച്ച് പൊറുപ്പിക്കാൻ കഴിയുന്നതല്ല. ശക്തമായ നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികൾ സിപിഎം മുൻകയ്യെടുത്ത് സംഘടപിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു. 

ഇന്നലെ വൈകീട്ടാണ് സംഭവം. കോഴിക്കോട് ബീച്ചിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലി നടന്നത്. ആ പരിപാടിക്ക് മുന്നോടിയായി പ്രചാരണം നടത്തിയരുന്ന വാഹനമാണ് പൊലീസ് തടഞ്ഞുവച്ചെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. പ്രചാരണം നടത്താനുള്ള ലൈസൻസ് അടക്കം വാഹനത്തിന്‍റെ രേഖകൾ പരിശോധിക്കാനെന്ന പേരിലാണ് വാഹനം തടഞ്ഞു വച്ചതെന്നും ഇതെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതമായ പരാമര്‍ശം നടത്തിയതെന്നുമാണ് പരാതി. 

"

അതേസമയം അമിത ശബ്ദത്തിൽ പ്രചാരണം നടത്തിയ വാഹനം പരിശോധിക്കാൻ നിര്‍ത്തുകമാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം.മുഖ്യമന്ത്രിയെ അവഹേളിച്ചു സംസാരിച്ചെന്ന ആരോപണവും എലത്തൂര്‍ എസ്ഐ ജയപ്രസാദ് നിഷേധിച്ചു. സാധാരണ നിലയിലുളള പരിശോധന മാത്രമാണ് നടത്തിയതെെന്നും വാഹനം ഉടന്‍ തന്നെ വിട്ടയച്ചെന്നും എസ്ഐ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ എലത്തൂരില്‍ ബിജെപി പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ സിഐടിയു പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് തീ കൊളുത്തി ജീവനൊടുക്കിയ ശേഷം എലത്തൂര്‍ പൊലീസും സിപിഎം പ്രാദേശിക നേതൃത്വം ഭിന്നതയിലാണ്

Follow Us:
Download App:
  • android
  • ios