ഷാഫി പറമ്പിൽ നിയമപരമായി പോകട്ടെയെന്നും നേരിടാൻ സിപിഎം തയ്യാറെന്നും ഇ എൻ സുരേഷ് ബാബു. പറയേണ്ടത് പറയാൻ ശേഷി ഉള്ളതു കൊണ്ടാണ് പറഞ്ഞത്. തെളിവുകൾ സമയമാകുമ്പോൾ പുറത്തു വിടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട്: ലൈം​ഗിക ആരോപണ വിവാദത്തിൽ ഷാഫിയെ വെല്ലുവിളിച്ച് സിപിഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഷാഫി പറമ്പിൽ നിയമപരമായി പോകട്ടെയെന്നും നേരിടാൻ സിപിഎം തയ്യാറെന്നും സുരേഷ് ബാബു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാഷ് എന്ന പേരിലാണ് ആരോപണം ഉന്നയിച്ചത്. ഷാഫി തന്നെ അത് ഏറ്റെടുക്കുകയും ചെയ്തു. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളി ഉണ്ടോയെന്ന് നോക്കുന്നത്? പറയേണ്ടത് പറയാൻ ശേഷി ഉള്ളതു കൊണ്ടാണ് പറഞ്ഞത്. തെളിവുകൾ സമയമാകുമ്പോൾ പുറത്തു വിടുകയും ചെയ്യുമെന്ന് ഇ എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെയുള്ളത് ആരോപണമല്ല, അധിക്ഷേപമെന്ന് ഷാഫി പറമ്പിൽ

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ ആരോപണങ്ങൾക്കെതിരെ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകും. പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല. ഇതാണോ 2026ലെ സിപിഎമ്മിൻ്റെ തെര‍ഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണം. ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയം. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

ഷാഫിക്കെതിരെയുള്ള ആരോപണം

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണം. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്‍റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു. ലൈംഗിക പീ‍ഡന ആരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയ‍ർന്നിരിക്കുന്നത്.

YouTube video player