തോൽവി വിലയിരുത്താനുള്ള സിപിഎം വിശാല സംസ്ഥാന സമിതിയിലെ കരട് റിപ്പോർട്ടിനെതിരെ സംസ്ഥാന സമിതിയിൽ വിമർശനം. തോൽവിയുടെ കാരണങ്ങൾ ഇല്ലാതെ സംഘടനാ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയ റിപ്പോർട്ടിൽ വീഴ്ചകൾ പരാമർശിക്കാത്തത് തിരുത്തലിന് എങ്ങനെ സഹായിക്കുമെന്നാണ് ചോദ്യം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ച കരട് റിപ്പോർട്ടിനെ സംബന്ധിച്ച് പാർട്ടിയിൽ വലിയ ആശയക്കുഴപ്പവും രൂക്ഷവിമർശനവും. രണ്ടാം ദിവസത്തിലേക്ക് കടന്ന സി പി എം. സംസ്ഥാന സമിതി യോഗത്തിലാണ് വിശാല സമിതിക്കായി സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരെ നേതാക്കൾ രംഗത്തെത്തിയത്. തിരഞ്ഞടുപ്പ് തോൽവി അവലോകനം പാടെ അവഗണിച്ച്, പൊതു സംഘടനാ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ വീഴ്ചകളെക്കുറിച്ച് പരാമർശമില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. സ്ഥാനാർത്ഥി നിർണ്ണയം പാളിയതടക്കമുള്ള വിഷയങ്ങളും കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകളും റിപ്പോർട്ടിൽ ഒഴിവാക്കിയത് കണ്ണൂരിൽ നിന്നുള്ള നേതാക്കളടക്കം ചോദ്യം ചെയ്തു. വീഴ്ചകൾ ചൂണ്ടിക്കാട്ടാത്ത റിപ്പോർട്ടിലൂടെ എങ്ങനെ തിരുത്തലുണ്ടാകുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

വിശാല സമിതിയുടെ പ്രസക്തിയെന്ത്?

എല്ലാ വിഷയങ്ങളും സംസ്ഥാന സമിതി തന്നെ ചർച്ച ചെയ്ത് അംഗീകരിക്കുകയാണെങ്കിൽ പിന്നെ വിശാല സംസ്ഥാന സമിതി വിളിച്ചുചേർക്കുന്നതിന്റെ ആവശ്യകത എന്താണെന്നും ചില നേതാക്കൾ ചോദിക്കുന്നു. വിശാല സമിതിയിലെ തുറന്ന ചർച്ചകളെ ഭയന്നാണ് നേതൃത്വം തോൽവി അവലോകനം ഒഴിവാക്കി കരട് തയ്യാറാക്കിയതെന്ന വിലയിരുത്തലും ശക്തമാണ്. കരട് റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന ആവശ്യങ്ങൾക്കിടെ സംസ്ഥാന സമിതി യോഗം ഇന്നും തുടരുകയാണ്.