തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാക്കൾക്ക് തുറന്ന കത്തുമായി ബിജെപി.  സിപിഎം ചരിത്രം വളച്ചൊടിക്കുകയാണെന്നും, കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ നേതാക്കൾ പുറത്തിറക്കിയ പ്രസ്താവനകളെല്ലാം അതിശയകരവും പരിഹാസ്യവുമാണെന്ന് ബിജെപി മുഖ്യ വക്താവ് ബി ഗോപാലകൃഷ്ണൻ തുറന്ന കത്തിൽ ആരോപിച്ചു.  

സിപിഎം സെസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എംബി രാജേഷുമടക്കമുള്ളവരടക്കമുള്ളവരുടെ പ്രസ്താവനകളെയും പരാമർശിച്ചായിരുന്നു ബിജെപി വിമർശനം. സ്വതന്ത്ര്യ സമരത്തിൽ സിപിഎംമ്മിന്റെ പങ്കിനെ പ്രകീർത്തിക്കുന്ന കുറിപ്പുകൾ ചരിത്രം അറിയാതെ എഴുതിയതോ അടവ് നയമോ എന്നും കത്തിൽ ചോദിക്കുന്നു.

ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ തുറന്ന കത്ത്

കോടിയേരി ബാലകൃഷ്ണൻ, എംബി രാജേഷ് എന്നിവർ അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഒരു തുറന്ന കത്ത്.  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയുടെ നൂറാം വർഷം പ്രമാണിച്ച് നിങ്ങൾ പുറത്തിറക്കിയ പ്രസ്താവനയും  ഫേസ്ബുക്ക് പോസ്റ്റും കണ്ടപ്പോൾ അതിശയവും അനുചിതത്വവും ഏറെ പരിഹാസവും തോന്നി. 

സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പങ്കിനെ പ്രകീർത്തിച്ച് എഴുതിയത് വാസ്തവത്തിൽ ചരിത്രം മനസ്സിലാക്കാതെയോ അതോ ചരിത്രത്തിലെ അടവ് നയമോ? 1920 ഒക്ടോബർ  17 ന്  താഷ്ക്കൻ്റിൽ ആരംഭം കുറിച്ചത് തന്നെ ഭാരതത്തെ ഹറാമായി പ്രഖ്യാപിച്ച്‌ തുർക്കിയിലേക്ക് പോയ മുഹമ്മദ് അലി, മുഹമ്മദ് ഷാഫിക്ക് അടക്കമുള്ള  രാജ്യ ദ്രോഹികളെ സംഘടിപ്പിച്ച് കൊണ്ടായിരുന്നത്കൊണ്ട് തുടക്കം മുതൽ ഒടുക്കം നൂറാം വർഷം വരെ രാജ്യദ്രോഹത്തിൻ്റെ DNA കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അന്തർലീനമായിരുന്നു എന്ന് പറഞ്ഞാൽ നിഷേധിക്കാനാകുമോ? 

1925 ഡിസംബർ 26 ന് കാൻപുരിൽ ചേർന്ന ആദ്യ സമ്മേളനത്തിൽ നിന്ന് സംഘാടകനായിരുന്ന സത്യഭക്തയെ M. Nറോയ് പുറത്താക്കിയത് ഇതിൻ്റെ ആദ്യ ഉദാഹരണമായിരുന്നില്ലേ?  1939 ൽ ബ്രിട്ടീഷ്  സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി 1941 ജൂൺ 22ന് ഹിറ്റ്ലർ, റഷ്യയെ അക്രമിച്ച ദിനം മുതൽ റഷ്യ അമേരിക്ക ബ്രിട്ടൻ അച്ചുതണ്ടിന് വേണ്ടി ചാരപ്പണി നടത്തി ഗാന്ധിജിയേയും സ്വാതന്ത്ര്യ സമര സേനാനികളേയും സാമ്രാജ്യത്വ ശക്തികൾക്ക് ഒറ്റിക്കൊടുത്തില്ലേ? യൂദാസിന് കിട്ടിയ വെള്ളിനാണയം പോലെ ബ്രിട്ടീഷ് ഗവൺമെൻ്റ് തന്ന വെള്ളിനാണയത്തിലല്ലേ ദേശാഭിമാനി പത്രം, നിങ്ങൾ 1942 Sep 6 ന് തുടങ്ങിയത് ?

ഗാന്ധിജിയെ നാട് കടത്താൻ സഹായിക്കാമെന്ന് ഏറ്റ് ബ്രിട്ടീഷ്കാരുമായി 1942 ജൂലൈ 23 ന് നിങ്ങൾ കൊടുത്ത ഉറപ്പിലല്ലേ ബ്രിട്ടീഷ് ഗവൺമെൻ്റ് നിങ്ങൾക്ക് ചില സൗകര്യങ്ങൾ ചെയ്ത് തന്നത്, എന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ? ഒരു നൂറ്റാണ്ടിൻ്റെ രാജ്യദ്രോഹമാണ് കമ്മ്യൂണിസത്തിൻ്റെ സംഭാവന എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി അൽപ്പം പോലും ഉണ്ടാകില്ല. 

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷ് ഗവൺമെൻ്റിന് ഒപ്പം നിൽക്കാൻ കമ്മ്യൂണിസ്റ്റ് കോമിൻ്റൻ്റ് ആഹ്വാനം ചെയ്തതും അത് അംഗീകരിച്ച് പ്രമേയം പസ്സാക്കി നാട്ടിലെ രാജ്യസ്നേഹികളെ ഒറ്റിക്കൊടുത്തതും ബ്രിട്ടനെ എതിർത്ത ഗാന്ധിജി,സുബാഷ് ചന്ദ്ര ബോസ് എന്നിവരടക്കമുള്ള  ദേശസ്നേഹികളെ അധിക്ഷേപിച്ചതും അപമാനിച്ചതും നിങ്ങൾ മറന്ന് പോയതോ അതോ മന:പൂർവ്വം ഓർമ്മിക്കാതിരുന്നതോ?

ഭാരത വിഭജനത്തിന് ജിന്നക്ക് പ്രേരണയായി  ഭൂപടമുണ്ടാക്കി പാക്കിസ്ഥാൻ എന്ന് നാമകരണം ചെയ്തതിലും നിങ്ങളുടെ പങ്ക് ചരിത്ര വിദ്യാർത്ഥികൾക്ക് മറക്കാനാകില്ല.  ഭാരതം രണ്ടായിട്ടല്ല പതിനാലായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നില്ലേ? 1947 ആഗസ്റ്റ് 15  സ്വാതന്ത്യ ദിനം കരിദിനം ആയി ആചരിക്കാൻ കൽക്കത്ത തീസിസിലുടെ പ്രഖ്യാപിച്ചതും കിട്ടിയ സ്വാതന്ത്ര്യം ബൂർഷാ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചതും  നിങ്ങൾ ബോധപൂർവ്വം മറക്കുന്നത് കൊണ്ട്  ഞാൻ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നു. 

സ്വതന്ത്ര ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ രാജ്യദ്രോഹങ്ങളിൽ ചിലത് മാത്രം നിങ്ങളെ ഓർമ്മിപ്പിക്കാൻ ഈ സമയം ഞാൻ വിനിയോഗിക്കട്ടെ. സ്വാതന്ത്ര്യത്തിന് ശേഷം ഉടൻ വന്ന ധാന്യ ക്ഷാമത്തിൽ കപ്പൽ വഴി വന്ന ധാന്യം ഇറക്കാൻ അനുവദിക്കാതെ തൊഴിലാളികളെ അണിനിരത്തിയതും ചൈനയുമായി 1962 ൽ നടന്ന യുദ്ധത്തിൽ ചൈനയോടൊപ്പം നിന്നതും ചൈനക്ക് വേണ്ടി സംസാരിച്ചതും ജനങ്ങൾ മറന്നിട്ടില്ലെന്ന് മാത്രമല്ല ധോക് ലാം സംഭവത്തിലടക്കം ഇപ്പോഴും നിങ്ങൾ ചൈന ഭക്തി  തുടരുന്നു എന്നതാണ് യാഥാർത്ഥ്യം. 

കാശ്മീർ  വിഘടനവാദികളോടും ഇസ്ളാമിക് ഭീകരവാദികളോടും നിങ്ങൾ പുലർത്തുന്ന മൈത്രിയും മാനസികബന്ധവും രാജ്യത്തെ സ്നേഹിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് ഭൂഷണമാണന്ന് നിങ്ങൾ കരുതുന്നുണ്ടോ? രാജ്യം, ആണവായുധം നിർമ്മിച്ച് കരുത്ത് കാട്ടിയപ്പോഴും ചന്ദ്രയാൻ പദ്ധതി തയ്യാറാക്കിയപ്പോഴും നിങ്ങൾ എതിർത്തു.  ഭാരതം മുന്നോട്ട് പുരോഗമിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ പിന്നിൽ നിന്ന് കുത്തി പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്നു. 

ഇതാണ് കേന്ദ്രത്തിൽ അധികാരത്തിൽ വരാത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  ഇന്ന് വരെയുള്ള ചരിത്രം. അധികാരത്തിൽ വന്നിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ത്യ ലോക ഭൂപടത്തിൽ നിന്ന് മറഞ്ഞ് പോയെനെ. നൂറ് വർഷത്തെ അപചയം കണ്ടെത്തി തിരുത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാകണമെന്ന  ഭ്യർത്ഥനയോടെ, 
അഡ്വ. ബി. ഗോപാലകൃഷ്ണൻ, ബിജെപി മുഖ്യവക്താവ്.