ബിനോയ് വിശ്വം പറഞ്ഞത് അറിയില്ലെന്നും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും എംഎ ബേബി. കേരളത്തിലെ ഫലം വിലയിരുത്തൽ അവസാനിച്ചിട്ടില്ല, നാളെയും യോഗം തുടരും. പ്രതിപക്ഷ നേതൃസ്ഥാനം പിബിയിൽ ചർച്ചയായിട്ടില്ലെന്നും എംഎ ബേബി

ദില്ലി: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ ആവശ്യം അറിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ബിനോയ് വിശ്വം പറഞ്ഞത് അറിയില്ലെന്നും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും എംഎ ബേബി പറഞ്ഞു. കേരളത്തിലെ ഫലം വിലയിരുത്തൽ അവസാനിച്ചിട്ടില്ല, നാളെയും യോഗം തുടരും. പ്രതിപക്ഷ നേതൃസ്ഥാനം പിബിയിൽ ചർച്ചയായിട്ടില്ലെന്നും എംഎ ബേബി പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് ആരെന്ന് നാളെ അറിയുമോ എന്ന ചോദ്യത്തിന് ബേബി മറുപടി പറഞ്ഞില്ല. കേരളത്തിലേത് വലിയ തോൽവി ആണെന്നതിൽ സംശയം ഇല്ലെന്നും ബേബി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി സിപിഐ ആവശ്യപ്പെടുന്ന വിഷയം അറിഞ്ഞിട്ടേ ഇല്ലെന്നാണ് ജനറൽ സെക്രട്ടറിയുടെ മറുപടി എന്നതാണ് ശ്രദ്ധേയം.

Add Asianetnews as a Preferred SourcegooglePreferred

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് ആവർത്തിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്നതിൽ വിട്ടു വീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും ചിലത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാണെന്നത് സിപിഎം തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

വ്യക്തിപൂജ തിരിച്ചടിയായെന്നത് ലോക ചരിത്രത്തിൽ നിന്നും പാർട്ടി പഠിച്ച വലിയ പാഠം ആണെന്നും വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ് ആണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആശ സമരത്തിൽ തൊഴിലാളികളെ അധിക്ഷേപിച്ചത് വലിയ തെറ്റാണ്. തൊഴിലാളി സമരങ്ങളെ അധിക്ഷേപിക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ല. തെരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പ് ആണ്. പിഴവുകൾ തിരുത്തി മുന്നോട്ട് വന്നേ മതിയാകൂവെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ മാറ്റത്തെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. താൻ മാറണമെന്ന് ഫേസ്ബുക്കിൽ ചിലർ പറഞ്ഞിട്ട് കാര്യമില്ലെന്നും കമ്മ്യൂണിസ്റ്റ് രീതി അതല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. നേതൃമാറ്റ ആവശ്യം ഉയർന്നിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

YouTube video player