സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നുവെന്ന ഭാര്യ വിനോദിനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എംവി ഗോവിന്ദൻ. പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും വിനോദിനി ആർക്കെതിരെയാണ് ആരോപണം ഉന്നയിച്ചതെന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നുവെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം കൂടി താൻ അവരുടെ വീട്ടിൽ ചെന്ന് കണ്ടതാണെന്നും എം വി ഗോവിന്ദൻ വിവരിച്ചു. ആരും തിരിഞ്ഞുനോക്കാതെ ഇരുന്നിട്ടില്ലെന്നും കോടിയേരിയുടെ വീട്ടിൽ ഇടയ്ക്ക് പോകാറുണ്ടെന്നും വ്യക്തമാക്കിയ എം വി ഗോവിന്ദൻ, വിനോദിനി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അവർ തന്നെ വ്യക്തമാക്കട്ടെയെന്നും കൂട്ടിച്ചേർത്തു. വിനോദിനി ആർക്കെതിരെയാണ് ആരോപണം ഉന്നയിച്ചതെന്ന് തനിക്ക് അറിയില്ലെന്നും അക്കാര്യം അവരോട് തന്നെ ചോദിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. അന്തരിച്ച സി പി എം മുൻ നേതാക്കളായ ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടുംബങ്ങളെയും പാർട്ടി സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിനോദിനിയുടെ ആരോപണം

ഇന്നലെയാണ് വിനോദിനി ബാലകൃഷ്ണൻ സി പി എം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കോടിയേരിയുടെ മരണശേഷം സി പി എമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്നാണ് വിനോദിനി വെളിപ്പെടുത്തിയത്. നേതാക്കൾ കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും വിനോദിനി കോടിയേരി ആരോപിച്ചു. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി 'പച്ചക്കുതിര' എന്ന മാസികയിലെ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയാണ് വിനോദിനി വിമർശനം ഉന്നയിച്ചതെന്നായിരുന്നു വാർത്ത.