Asianet News MalayalamAsianet News Malayalam

പുറത്ത് പോകാനുള്ള സാഹചര്യമില്ല, ചാഴിക്കാടനെ അവഹേളിച്ച നടപടിയിൽ കേരള കോൺഗ്രസ് അതൃപ്തി കണക്കിലെടുക്കാതെ സിപിഎം

പാർട്ടി വൈസ് ചെയർമാൻ പരസ്യമായി അപമാനിതനായിട്ടും ജോസ് കെ മാണി അടക്കം തുടരുന്ന മൗനം ഈ ഉറപ്പിന് അടിവരയിടുന്നതുമാണ്. മാത്രമല്ല മുന്നണി വിട്ട് പോകുന്നത് ഗുണം ചെയ്യില്ലെന്ന സന്ദേശം അസംതൃപ്തരായ മുതിർന്ന അണികളെ ധരിപ്പിക്കുകയാണ് കേരളാ കോൺഗ്രസ് നേതൃത്വം

CPM ignores Kerala congress unhappiness in CM Pinarayi Vijayans remarks against Thomas Chazhikadan etj
Author
First Published Dec 18, 2023, 9:13 AM IST

കോട്ടയം: തോമസ് ചാഴിക്കാടനെ പരസ്യമായി അവഹേളിച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ കേരളാ കോൺഗ്രസിനുള്ള അതൃപ്തി കണക്കിലെടുക്കാതെ സിപിഎം. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ മുന്നണി മാറ്റത്തിനുള്ള ഒരു നിലപാടും കേരളാ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. അതേ സമയം അണികളിലെ അതൃപ്തി മുതലെടുക്കാനുള്ള കോൺഗ്രസ് നീക്കത്തെ സിപിഎം കരുതലോടെയാണ് സമീപിക്കുന്നത്.

പാർട്ടി തട്ടകമായ പാലായിലെ പ്രസംഗം ഇത്തിരി കടന്ന് പോയിയെന്നാണ് കേരളാ കോൺഗ്രസ് അണികൾ പരക്കെ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം കടുത്ത അതൃപ്തിയും ഉണ്ടാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ വിഷയത്തിൽ പരമാവധി മുതലെടുക്കാൻ കോൺഗ്രസ് ഒരുങ്ങി നിൽക്കുന്നു. എന്നാൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നാണ് സിപിഎം വിലയിരുത്തൽ. യുഡിഎഫിൽ നിന്ന് പുറത്താക്കി എൽഡിഎഫിൽ ചേക്കേറിയ കേരളാ കോൺഗ്രസ് തൽക്കാലം എങ്ങും പോകില്ലെന്ന ഉറപ്പാണ് സിപിഎമ്മിനുള്ളത്.

പാർട്ടി വൈസ് ചെയർമാൻ പരസ്യമായി അപമാനിതനായിട്ടും ജോസ് കെ മാണി അടക്കം തുടരുന്ന മൗനം ഈ ഉറപ്പിന് അടിവരയിടുന്നതുമാണ്. മാത്രമല്ല മുന്നണി വിട്ട് പോകുന്നത് ഗുണം ചെയ്യില്ലെന്ന സന്ദേശം അസംതൃപ്തരായ മുതിർന്ന അണികളെ ധരിപ്പിക്കുകയാണ് കേരളാ കോൺഗ്രസ് നേതൃത്വം. സിപിഎമ്മിനപ്പുറം ഇടതുമുന്നണിക്ക് മുന്നിലേക്ക് ഇനി പാലാ പമരാമര്‍ശം എത്തിച്ചാലും കേരളാ കോൺഗ്രസിന് പ്രതീക്ഷക്ക് വകയൊന്നുമില്ല.

ഘടകക്ഷികൾക്കോ മുന്നണിയിലെ മുതിര്‍ന്ന നേതാക്കൾക്കോ കേരളാ കോൺഗ്രസിനോട് അത്ര പ്രതിപത്തി പോര. മാത്രമവുമല്ല ജോസ് കെ മാണിയോടും കൂട്ടരോടും എന്തെങ്കിലുമൊരു അനുകൂല സമീപനം ഉള്ളത് പിണറായിക്ക് മാത്രമാണ്. ഫലത്തിൽ കയ്ച്ചിട്ട് ഇറക്കാനും വയ്യ കാര്യമായൊന്നും പറയാനും വയ്യ എന്ന അവസ്ഥയിലാണ് തെരഞ്ഞെടുപ്പ് കാലത്തെ കേരളാ കോൺഗ്രസുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios