സിപിഎം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്.
തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ ജി സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു. കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല. പാലാ കൽപറ്റ തോൽവികളിലും അന്വേഷണം നടത്തും. വയനാട്, കോട്ടയം ജില്ലാ തലത്തിലാകും പരിശോധന. സിപിഎം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്. പ്രചാരണത്തില്‍ വീഴ്ചയെന്ന അവലോകന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ട് ശരിവച്ചായിരുന്നു സിപിഎം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർശനങ്ങൾ ഉയര്‍ന്നത്. തോറ്റ സീറ്റുകളിൽ മാത്രമല്ല വിജയിച്ച മണ്ഡലങ്ങളിൽ ഉയർന്ന പരാതികളിലും മുഖം നോക്കാതെയുള്ള പരിശോധനകളിലേക്ക് നീങ്ങുകയാണ് സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ജി സുധാകരനെതിരെ വിമർശനമുയർന്നത്.
രണ്ട് ടേം വ്യവസ്ഥയെ തുടർന്നാണ് ഇത്തവണ അമ്പലപ്പുഴയിൽ ജി സുധാകരന് വഴിയടഞ്ഞത്. സുധാകരനിൽ നിന്നും പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് ആലപ്പുഴ ജില്ലാകമ്മിറ്റിയിൽ വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ റിപ്പോർട്ടിലും അമ്പലപ്പുഴയിൽ വീഴ്ച സംഭവിച്ചുവെന്ന പരാമർശമുണ്ടായി. ഇതിന്‍റെ ചുവട് പിടിച്ച് സംസ്ഥാന സമിതിയിൽ നടന്ന ചർച്ചയിലാണ് റിപ്പോർട്ട് ശരിവച്ച് വീണ്ടും വിമർശനമുയർന്നത്.
